അയർക്കുന്നം: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ കൊച്ചു കൊങ്ങാണ്ടൂർ ജില്ലയിലെ ആദ്യത്തെ ഹരിത വാർഡായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രഖ്യാപനം നിർവഹിച്ചു.
എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്‌ക്കരണം, മഴക്കുഴി നിർമ്മാണം, അജൈവ മാലിന്യ ശേഖരണത്തിൽ ഹരിതകർമ്മസേനയുടെ ചിട്ടയായ പ്രവർത്തനം തുടങ്ങിയവ പരിഗണിച്ചാണ് ഹരിത വാർഡായി തിരഞ്ഞെടുത്തത്.
പ്രഖ്യാപനത്തിന് മുന്നോടിയായി ഹരിത സഹായ സ്ഥാപനമായ നിറവ്, മറ്റക്കര മോഡൽ പോളിടെക്‌നിക്ക് എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ സർവേയും ബോധവത്ക്കരണ പരിപാടികളും നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം ലാൽസി പെരുന്തോട്ടം പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലിസമ്മ ബേബി, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ശശീന്ദ്രനാഥ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഫിലിപ്പ് ജോസഫ്, ജനപ്രതിനിധികൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് മാത്യു, ക്ലീൻ കേരള മാനേജർ ദീലീപ്, അസിസ്റ്റന്റ് സെക്രട്ടറി ഷീജ ബീവി, നിറവ് പ്രതിനിധി ബാബു പറമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.