kakka-jpg

വൈക്കം: കക്ക സംഭരണം നിലച്ചതും കക്കയിറച്ചിയുടെ വില ഇടിഞ്ഞതും മൂലം കക്ക വാരൽ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ. രണ്ട് മാസമായി കക്ക സംഭരണം നടക്കാതായതോടെ മറവൻതുരുത്ത്, ചെമ്പ്, പൂത്തോട്ട, ഉദയനാപുരം, വെച്ചൂർ, തലയാഴം, ടി.വി പുരം തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളാണ് ദുരിതത്തിലായത്. ചുളകളിൽ കക്ക എടുക്കുന്നത് നിലച്ചതും സ്വകാര്യ സംരംഭകർ വിവിധ സംസ്ഥാനങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലേക്ക് കക്ക കയറ്റി അയച്ചിരുന്നത് നിലച്ചതുമാണ് തൊഴിലാളികൾക്ക് കനത്ത പ്രഹരമായത്. കക്ക കയറി പോകാതെ കെട്ടിക്കിടക്കുന്നത് കക്കാ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പുലർച്ചെ വള്ളത്തിൽ കായലിൽ വരാൻ പോകുന്ന തൊഴിലാളിക്ക് 15പാട്ട കറുത്ത കക്ക ലഭിക്കും. 21 കിലോ കക്ക തൊണ്ടിന് 76 രൂപയാണ് വില. കക്ക സംഭരണം നിലച്ചതോടെ തൊഴിലാളികളുടെ പുരയിടത്തിലും കക്ക പുഴുങ്ങുന്ന വളപ്പുകളിലും കക്ക തൊണ്ട് കൂന കൂട്ടിയിരിക്കുകയാണ്. കക്ക പുഴുങ്ങി ലഭിക്കുന്ന കക്ക ഇറച്ചി വിറ്റാണ് തൊഴിലാളി കുടുംബങ്ങൾ ദൈനംദിന ചെലവുകൾ നടത്തുന്നത്. വലിപ്പത്തിനനുസരിച്ചാണ് കക്ക ഇറച്ചിക്ക് വില ലഭിക്കുന്നത്. 800 രൂപയോളം ലഭിച്ചിരുന്ന കുടുംബത്തിന്റെ ദിവസവരുമാനം പകുതിയിലും താഴെപോയതോടെ കുടുംബചെലവുകൾ നടത്താൻ കഴിയാതെ തൊഴിലാളികൾ വലയുകയാണ്. കക്കാ വ്യവസായ രംഗത്തുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.