കോട്ടയം: വേമ്പനാട്ടുകായൽ ഇനി കരിമീനും കക്കയും കൊണ്ട് നിറയും. ഇത് സാദ്ധ്യമാക്കാൻ മണ്ണഞ്ചേരി, മുഹമ്മ, ആര്യാട്, തണ്ണീർമുക്കം പഞ്ചായത്തുകളിലായി 28 പ്രജനന കേന്ദ്രങ്ങൾ തയാറാവുന്നു. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിദഗ്ദ്ധ സംഘം ഇതിനായി സ്ഥലം നിശ്ചയിച്ച് അതിവേഗം മുന്നേറുകയാണ്. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി, മുഹമ്മ എന്നിവിടങ്ങളിലായി നാല് സ്ഥലങ്ങൾ ഇതിന് അനുയോജ്യമാണെന്ന് വിദഗ്ധസംഘം കണ്ടെത്തിയിട്ടുണ്ട്. അനുമതിയും നൽകിക്കഴിഞ്ഞു. 15 സ്ഥലങ്ങളിൽ പരിശോധന തുടരുകയാണ്.
രണ്ട് ഹെക്ടർ സ്ഥലം വീതമാണ് ഓരോ പോയിന്റിലും പദ്ധതിക്കായി നീക്കിവയ്ക്കുന്നത്. 14 കേന്ദ്രങ്ങളിൽ മത്സ്യസങ്കേതവും 14 സ്ഥലങ്ങളിൽ കക്കയും സംരക്ഷിക്കുന്നതാണ് പദ്ധതി. ഫിഷറീസ് വകുപ്പ് മുമ്പ് വേമ്പനാട്ട് കായലിൽ നടപ്പാക്കിയ കക്ക പുനരുജ്ജീവന പദ്ധതി വിജയം കണ്ടതോടെയാണ് പദ്ധതി കൂടുതൽ സ്ഥലങ്ങളിൽ വ്യാപിപ്പിക്കുന്നത്.
വേമ്പനാട്ട് കായലിലെ വെള്ളം മലിനമാവുകയും കരിമീന്റെ വളർച്ചയ്ക്കും പ്രജനനത്തിനും ഇത് തടസമാകുകയും ചെയ്തതോടെ ഫിഷറീസ് വകുപ്പിന്റെ കുമരകത്തെ ഗവേഷണ വിഭാഗം തലവനായിരുന്ന ഡോ.കെ.ജി.പദ്മകുമാർ കരിമീൻ പ്രജനനത്തിന് സൗകര്യമൊരുക്കി മത്സ്യ സമ്പത്ത് വർദ്ധിപ്പിച്ചിരുന്നു. കായലിൽ പ്രത്യേക സ്ഥലം കണ്ടെത്തി തെങ്ങിൻകുറ്റികൾ നാട്ടിയാണ് അന്ന് സൗകര്യമൊരുക്കിയത്. ഇതിന് ചുവടുപിടിച്ചാണ് പുതിയ പദ്ധതിയൊരുങ്ങുന്നത്.
തണ്ണീർമുക്കം ബണ്ടിന്റെ തെക്ക് ഭാഗത്ത് കറുത്ത കക്കയുടെ അളവ് വർഷം തോറും 50 ശതമാനത്തോളം കുറയുന്നതായി ഫിഷറീസ് വകുപ്പിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു. തണ്ണീർമുക്കം ബണ്ടിന്റെ വടക്ക് ഭാഗത്ത് ധാരാളമായി കണ്ടുവരുന്ന മല്ലിക്കക്ക ശേഖിച്ച് തെക്ക് ഭാഗത്ത് നിക്ഷേപിച്ച് വളർത്തിയെടുക്കുകയാണ് പുതിയ ലക്ഷ്യം. കക്കാസഹകരണ സംഘങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കാമറകളും തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസും നൽകുമെന്ന് ഫിഷറീസ് വകുപ്പ് ഡയറക്ടർ കെ.സുഹൈർ പറഞ്ഞു.
മല്ലിക്കക്കവാരൽ വംശനാശം ഫലം
15 മില്ലിമീറ്റർ വലിപ്പമുള്ള കക്കാവാരാൻ മാത്രമേ അനുവാദമുള്ളൂ. എന്നാൽ സ്വകാര്യ വ്യക്തികൾ മല്ലിക്കക്ക ഉൾപ്പെടെ വൻതോതിൽ വാരിയെടുത്ത് വിൽക്കുകയാണ്. മല്ലിക്കക്ക വാരുന്നതു കർശനമായി അധികൃതർ നിരോധിച്ചിട്ടുണ്ടെങ്കിലും പല ഭാഗത്തും തുടരുകയാണ്. അനധികൃതമായി കൊല്ലി ഉപയോഗിച്ച് മണ്ണും കക്കയും വാരുന്നത് ഇവയുടെ വംശനാശത്തിന് ഇടയാക്കുന്നുണ്ട്. കൂടാതെ കായലിൽ വലിയ ഗർത്തങ്ങളും രൂപപ്പെടും. ഈ ഗർത്തങ്ങൾ കക്ക, മത്സ്യ സമ്പത്തിന്റെ വംശനാശത്തിന് കാരണമാകുന്നുണ്ട്. തണ്ണീർമുക്കം ഭാഗത്തെ വെള്ളത്തിലുള്ള നേരിയ ഉപ്പ് രസം കക്കയുടെ പ്രജനനത്തിന് ഗുണം ചെയ്യും. എന്നാൽ മാലിന്യ പ്രശ്‌നവും അനധികൃത കക്ക വാരലും ഇതിന് തിരച്ചടിയാണ്. കുട്ടനാട്ടിൽ വെള്ളത്തിലെ കൂടിയതോതിലുള്ള ആയഡിന്റെ അംശവും കക്ക സമ്പത്ത് കുറയാൻ കാരണമാകുന്നുണ്ട്.
പദ്ധതിക്ക് 160 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 80 ലക്ഷം ലഭിച്ചിട്ടുണ്ട്: കക്കാ സമ്പത്ത് വർധിപ്പിക്കൽ പദ്ധതി നടപ്പിലാക്കാൻ അഞ്ച് കക്ക സംഘങ്ങളെയും മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ ഏഴ് മത്സ്യ തൊഴിലാളി സംഘങ്ങളെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം, അഞ്ച് ഏക്കറിൽ പദ്ധതി നടപ്പാക്കുന്നത് അശാസ്ത്രീയമാണ്. കുറഞ്ഞത് 25 ഏക്കർ വേണം കൃഷിക്ക്. നല്ല വിസ്തീർണം ഉണ്ടായാൽ മാത്രമേ മത്സ്യങ്ങളെ ആകർഷിച്ച് വളരാനുള്ള സാഹചര്യം ഉണ്ടാക്കാനാകൂ. അല്ലെങ്കിൽ അത് നശീകരണ മത്സ്യബന്ധനമായി മാറുമെന്നാണ് കായൽ ഗവേഷണ ഡയറക്ടർ ഡോ.കെ.ജി.പദ്മകുമാർ പറയുന്നത്.