പാലാ: കേരള കോൺഗ്രസിൽ ജോസ് - ജോസഫ് പോര് അനന്തമായി തുടരുമ്പോഴും ഒരു കാര്യത്തിൽ അവർ ഒറ്റക്കെട്ടാണ് ; പാലാ നഗരസഭയുടെ അടുത്ത ചെയർപേഴ്‌സന്റെ കാര്യത്തിൽ. നഗരസഭ ഭരണപക്ഷാംഗം മേരി ഡൊമിനിക്കിനെ ചെയർപേഴ്‌സൺ ആക്കാൻ സർവ്വവൈരവും മറന്ന് ഇരുപക്ഷം ഏകാഭിപ്രായത്തിലാണ്.
ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കും. ഇതിൽ ജോസ്, ജോസഫ് പക്ഷങ്ങൾ പിന്തുണയ്ക്കുന്നത് മേരി ഡൊമിനിക്കിനെയാണ് എന്നതാണ് വിചിത്രം.
മേരി ചേച്ചി ഞങ്ങളടെ സ്വന്തം ആളാണ്. നഗരസഭയിലെ പല നിലപാടുകളിലും എനിക്ക് പരിപൂർണ്ണ പിന്തുണ തന്നിട്ടുള്ള കൗൺസിലർ. തീർച്ചയായും ഞങ്ങൾ ഒന്നടങ്കം അവരെ പിന്തുണയ്ക്കുമെന്നാണ് അടുത്തിടെ ജോസഫ് ഗ്രൂപ്പിലേക്ക് മാറിയ ഇപ്പോഴത്തെ പാലാ നഗരസഭാ ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവൻ പറയുന്നത്. മറ്റ് അഞ്ച് കൗൺസിലർമാരുടെ പിന്തുണ കൂടിയുള്ള പടവന് പ്രതിപക്ഷ കൗൺസിലർമാരുമായും നല്ല അടുപ്പമുണ്ട്.
മേരി ഡൊമിനിക്ക് എന്നും കെ.എം. മാണി സാറും കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ്. നഗരസഭാ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജോസ്. കെ മാണി വിളിച്ചു ചേർത്ത എല്ലാ യോഗത്തിലും അവർ ഞങ്ങൾക്ക് പരിപൂർണ്ണ പിന്തുണയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ജോസഫ് ഗ്രൂപ്പിലേയ്ക്കൊന്നും അവർ പോവില്ലെന്നാണ് മേരി ഡൊമിനിക്കിനായി അടുത്തിടെ ചെയർ പേഴ്‌സൺ സ്ഥാനമൊഴിഞ്ഞ ബിജി ജോജോ കുടക്കച്ചിറ പറയുന്നത്. അരുണാപുരം കോളേജ് വാർഡിൽ നിന്ന് 2000-2005ലും പിന്നീട് 2015 ലും തിരഞ്ഞെടുക്കപ്പെട്ട മേരി , വൈപ്പനയിൽ ഡൊമിനിക്കിന്റെ ഭാര്യയും നാലു മക്കളുടെ അമ്മയുമാണ്.
എന്തായാലും രൂക്ഷമായ വാദപ്രതിവാദങ്ങൾക്കിടയിലും നഗരസഭാ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ ഒരാൾക്കു വേണ്ടി ഇരുവിഭാഗവും യോജിക്കുന്നത് കൗതുകകരം തന്നെ. കാരണം അവർക്ക് അറിയാം, തമ്മിലടിച്ചുനിന്നാൽ പാലാ നിയമസഭ സീറ്റ് പോയതുപോലെ നഗരസഭയും അതിന്റെ പാട്ടിന് പോകുമെന്ന്!