കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്‌ക്ക് ഏഴു വർഷം കഠിനതടവും 45,000 രൂപ പിഴയും. കാഞ്ഞിരപ്പള്ളി നെല്ലിക്കുന്നേൽ ജോസഫിനെ (തങ്കച്ചൻ -54)യാണ് പോക്‌സോ കോടതി ജഡ്‌ജി ജി.ഗോപകുമാർ ശിക്ഷിച്ചത്. പോക്‌സോ ആക്‌ടിലെ ഒൻപത് എം വകുപ്പു പ്രകാരം അഞ്ചു വർഷം കഠിന തടവും, 25,000 രൂപ പിഴയും, ഇന്ത്യൻ പീനൽകോഡിലെ 354 ാം വകുപ്പ് പ്രകാരം രണ്ടു വർഷം കഠിന തടവും 20,000 രൂപ പിഴയും അടയ്‌ക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ തുകയിൽ നിന്ന് 25,000 രൂപ ഇരയാക്കപ്പെട്ട പെൺകുട്ടിയ്‌ക്ക് നൽകണമെന്നും കോടതി വിധിച്ചു.

2013 ഒക്‌ടോബർ 13 നായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രതിയായ ജോസഫിന്റെ മകളുടെ വിവാഹം ക്ഷണിക്കുന്നതിനായാണ് ഇയാൾ കുട്ടിയുടെ വീട്ടിൽ എത്തിയത്. ഈ സമയം ഇവരുടെ വീടിന്റെ മുന്നിലുള്ള കടയിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. സംഭവം കണ്ടു വന്ന പെൺകുട്ടിയുടെ മാതാവാണ് കേസിലെ സാക്ഷി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.എം.എൻ പുഷ‌്കരൻ ഹാജരായി.