കോട്ടയം: ഗാന്ധിനഗറിൽ അറവുശാലയിൽ നിന്നു വിരണ്ടോടിയ എരുമ ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി. ഒരു ഓട്ടോറിക്ഷയും തകർത്തു. ഒടുവിൽ നാട്ടുകാർ ചേർന്ന് പിടിച്ചു കെട്ടി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. അറവുശാലയിൽ കെട്ടിയിരുന്ന എരുമ കയർ പൊട്ടിച്ച് റോഡിലേക്ക് ഇറങ്ങിയോടുകയായിരുന്നു. ആദ്യം റെയിൽവേ ട്രാക്കിലൂടെ ഓടിയ എരുമ, നീലിമംഗലം ഭാഗത്തു വച്ച് എം.സി റോഡിൽ കയറി കുമാരനല്ലൂർ റോഡിലേയ്‌ക്ക് ഓടുകയും മേൽപ്പാലത്തിന്റെ അടിയിലെത്തുകയും ചെയ്തു. ഇവിടെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ പാർക്ക് ചെയ്‌തിരുന്ന കുമാരനല്ലൂർ കൊച്ചാലുംമ്മൂട് സ്വദേശി ജോബി ജോസഫിന്റെ ഓട്ടോറിക്ഷയാണ് തകർത്തത്. തുടർന്ന് എരുമ റെയിൽവേ ട്രാക്കിലേയ്‌ക്ക് ഓടിക്കയറി. ഈ സമയം ഏറ്റുമാനൂർ ഭാഗത്തു നിന്നും ട്രെയിൻ എത്തിയപ്പോൾ എരുമ തിരികെ മേൽപ്പാലത്തിലൂടെ ഓടി. ഇതിനിടെ എരുമയെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവതി റെയിൽവേ ട്രാക്ക് കടക്കുന്നതിനിടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പിന്നീട് നീലിമംഗലത്തെ പെട്രോൾ പമ്പിന് സമീപത്തെത്തിയപ്പോഴാണ് എരുമയെ പിടിച്ചുകെട്ടാനായത്. വിവരം അറിഞ്ഞ് അറവുശാല ഉടമയായ ബേബി എത്തി എരുമയെ കൊണ്ടുപോയി. പൊലീസും എത്തിയിരുന്നു.