കോട്ടയം: പൊലീസിനും ചൈൽഡ് ലൈനിനും എത്തിപ്പിടിക്കാനാവാത്ത വിധം കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ജില്ലയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ശരാശരി ആറ് പോക്‌സോ കേസുകൾ ഒരു മാസം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് ചൈൽഡ് ലൈനിന്റെ കണക്ക്. ലൈംഗിക അതിക്രമം ഒഴികെയുള്ള കേസുകൾ ശരാശരി എഴുപത് എണ്ണം വരെ ഉണ്ടാകുന്നു. ജില്ലയിൽ മൂന്നു മാസത്തിനിടെ 29 കുട്ടികളാണ് ലൈംഗിക അതിക്രമത്തിന് ഇരയായതെന്ന് പൊലീസും പറയുന്നു. ഇതിൽ 28 പ്രതികളെയും അറസ്റ്റ് ചെയ്‌തു.
കുട്ടികൾക്കെതിരായ ഏതു തരം അതിക്രമങ്ങളെയും പ്രതിരോധിക്കാൻ പ്രവർത്തിക്കുന്നത് പൊലീസും ചൈൽഡ് ലൈനും ചൈൽഡ് വെൽഫെയർ കമ്മിറ്റികളും കോടതികളുമാണ്. എന്നാൽ,ഇക്കാര്യത്തിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്. കള്ളപ്പരാതികൾ തിരിച്ചറിയാനാവുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് നേരിടുന്ന വെല്ലുവിളി
കേസുകൾ കൂടുതൽ എത്തുന്നത് ചൈൽഡ് ലൈൻ സ്കൂളുകളിൽ നടത്തുന്ന കൗൺസലിംഗ് വഴി
വാത്സല്യത്തോടെയുള്ള തലോടലുകൾ പോലും ലൈംഗിക അതിക്രമമായി ന് തെറ്റിദ്ധരിക്കപ്പെടുന്നു
അതിർത്തി തർക്കവും കുടുംബവഴക്കുകളും പോലും പോക്‌സോ കേസുകളായി വഴിമാറിയിട്ടുണ്ട്
വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാൽ പുരുഷ ഉദ്യോഗസ്ഥർക്ക് കേസിന്റെ വ്യക്തമായ ചിത്രം ലഭിക്കില്ല.
2012 മുതൽ പോക്‌സോ കോടതിയിലെ കേസുകൾ :
പരിഗണിച്ചത് 660
തീർപ്പായത് 160
ശിക്ഷിക്കപ്പെട്ടത് 60
കേസുകൾക്ക് സംഭവിക്കുന്നത്
പല കാരണങ്ങളാലും കേസ് വിചാരണ നീണ്ടു പോകുന്നു
2014 ലെ കേസ് പരിഗണനയ്‌ക്ക് എടുക്കുന്നത് ഇപ്പോൾ
പല കേസുകളിലും സാക്ഷികളും ഇരയും മൊഴി മാറ്റുന്നു
ചൈൽഡ് ലൈൻ
ജില്ലയിൽ ചൈൽഡ് ലൈന് ആകെയുള്ളത് ഒരു കൗൺസലർ. സ്‌കൂളുകളിലും കൗൺസലർമാരുണ്ട്. ഇവർ നൽകുന്ന കേസുകൾ മാത്രമാണ് ഇപ്പോൾ ചൈൽഡ് ലൈൻ പരിഗണിക്കുന്നത്. കേസുകൾ ഉണ്ടാകുന്ന സ്‌കൂളുകളിലേ ഇപ്പോൾ ചൈൽഡ് ലൈൻ കൗൺസലിംഗിനായി എത്താറുള്ളൂ. ഒരു മാസം ശരാശരി 70 കേസുകൾ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ചൈൽഡ് വൈൽഫെയർ കമ്മിറ്റിയിലും ഒരു വർഷത്തിനിടെ 136 കേസുകളെത്തി.
ജില്ലയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിലെത്തുന്ന പോക്‌സോ കേസുകളുടെ എണ്ണത്തിൽ വർദ്ധനയുണ്ട്. അതിക്രമങ്ങൾ കുറയ്‌ക്കാനായി സാമൂഹ്യ ബോധവത്‌കരണം ആവശ്യമാണ്. ലഹരിയുടെ ഉപയോഗവും ശിഥിലമായ കുടുംബ ബന്ധങ്ങളും ഇത്തരം കേസുകൾ കൂടുന്നതിന് കാരണമാകുന്നുണ്ട്.
അഡ്വ.ഷീജാ അനിൽ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷ