കോട്ടയം: രണ്ടു വർഷത്തിനുള്ളിൽ മൂവായിരം കിലോമീറ്റർ നീളത്തിൽ തോട് വെട്ടിയും അയ്യായിരം ഏക്കർ തരിശുനിലങ്ങൾ കൃഷിഭൂമിയാക്കിയും മീനച്ചിലാർ- മീനന്തറയാർ- കൊടുരാർ പുനർസംയോജനപദ്ധതി വിജയക്കുതിപ്പിലേക്ക്. ഉറവ മുതൽ പതനം വരെയുള്ള കൈവഴികൾ കണ്ടെടുത്ത് സംരക്ഷിച്ചാണ് നദികളെ വീണ്ടെടുത്തത്. ഒന്നരക്കോടിയോളം രൂപ പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ച് നൂറിൽപരം പ്രാദേശിക ജനകീയ കൂട്ടായ്മകൾ രണ്ടു വർഷക്കാലം നടത്തിയ തോടുകളുടെ വീണ്ടെടുക്കൽ 1300ലേറെ കിലോമീറ്റർ നീളമുള്ള ജലവഴികൾക്കാണ് നവജീവൻ പകർന്നത്.

മീനച്ചിലാറ്റിൽ നിന്ന് മീനന്തറയാറ്റിലേക്ക് വെള്ളമെത്തിച്ചിരുന്ന കൈവഴികളും തോടുകളും അടഞ്ഞു പോയതിനാൽ 1400 ഏക്കർ നെൽപ്പാടമാണ് കാൽനൂറ്റാണ്ടിലേറെയായി തരിശ് കിടന്നത്. കെട്ടിക്കിടന്ന മലിനജലം ഒഴുകിയെത്തി പകർച്ചവ്യാധികളുടെ കേന്ദ്രമായി .

സി. എം.എസ് കോളേജ് റിട്ട.പ്രൊഫസർ ഡോ.ജേക്കബ് ജോർജിന്റെ നേതൃത്വത്തിൽ ഗ്രീൻ ഫ്രട്ടേണിറ്റി നദീശുചീകരണത്തിനിറങ്ങി. മുപ്പതോളം സംഘടനകളെയും വ്യക്തികളെയും ഒപ്പം അണിനിരത്തി രണ്ട് വർഷം മുമ്പ് രാഷ്ടീയത്തിനതീതമായുള്ള ജനകീയ കൂട്ടായ്മ രൂപപ്പെട്ടു. നവമാദ്ധ്യമ കൂട്ടായ്മയിലൂടെ പങ്കുവെച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയ അനൗപചാരക സംഘടനാരൂപമാണ് വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയത്.

കട്ടച്ചിറതോട്, ളാലം തോട്, പന്നഗം തോട്, പൊന്നൊഴുകും തോട്, ചകിനിത്തോട് തുടങ്ങിയവ കിഴക്കൻ മേഖലയിലുള്ളതാണ്. ഇരുപതിലേറെ കിലോമീറ്റർ നീളം വരുന്ന തോടുകളും അതിലേക്ക് വെള്ളമെത്തിക്കുന്ന ചെറുതോടുകളുമുൾപ്പെടെ ഓരോ ജല വഴിയും അടയാളപ്പെടുത്തി. അതുവഴി പൊതുഉടമസ്ഥത ഉറപ്പാക്കാൻ പ്രാദേശിക സമിതികൾക്ക് രൂപം നൽകി. കൈയേറ്റങ്ങൾ ഒഴിപ്പിക്കുക. മലിനീകരണം തടയുക തുടങ്ങിയ പ്രവ‌ർത്തനങ്ങളാണ് ജനകീയ കൂട്ടായ്മകൾ നടത്തിയത്.

ഗ്രാമ നഗര വ്യത്യാസമില്ലാതെ പരസ്പരം ബന്ധപ്പെട്ടു കിടന്ന ജലവ്യൂഹത്തിലെ എല്ലാ കണ്ണികളെയും വീണ്ടെടുത്ത് പുനർ സംയോജിപ്പിക്കുകയായിരുന്നു നദി പുനർസംയോജന ലക്ഷ്യം. മഹാപ്രളയം അതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തിയതോടെ പ്രളയരഹിത കോട്ടയമെന്ന ലക്ഷ്യത്തിലെത്താനുള്ള വഴികളായി.

1300

കിലോമീറ്റർ

ജലമാർഗം

തുറന്നു

 പദ്ധതി ആരംഭിച്ചത് മൂന്ന് പഞ്ചായത്തിലും കോട്ടയം നഗരസഭയിലും

 നാല് നഗരസഭകളിലേക്കും 34 പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചു

 മൂവായിരത്തിലേറെ തരിശുനിലങ്ങളിൽ നെൽകൃഷി തിരികെയെത്തി

 അയ്യായിരം ഏക്കറിലേയ്ക്ക് നെൽകൃഷിയുടെ വ്യാപനം പുരോഗമിക്കുന്നു

തോടും പുഴയുടെ തീരങ്ങളും കൈയേറി താമസിക്കുന്നതിന് പകരം വിടും സ്ഥലവും നൽകി പുനരധിവസിപ്പിക്കലാണ് ലക്ഷ്യം. പ്രളയ ദുരിതാശ്വാസ ചെലവ് ഒഴിവാക്കാനാകും. മഴക്കാല പൂർവ്വ ശുചീകരണം കരയിൽ നടത്തുന്നതു പോലെ എല്ലാ ജലപാതകളിലും കാലവർഷത്തിനു മുമ്പേ നടത്തി ആഴം കൂട്ടി വെള്ളമൊഴുക്കണം. ഇതു വഴി പ്രാദേശിക ജല ടൂറിസ കേന്ദ്രങ്ങൾ വികസിപ്പിക്കാനാവുമെന്നും രണ്ടു വർഷം കൊണ്ട് തെളിയിക്കാനായി .

അഡ്വ. കെ. അനിൽകുമാർ