പാലാ: മുണ്ടുപാലം സുലഭ ഗ്രൗണ്ടിൽ നടക്കുന്ന പാലാ ഫെസ്റ്റിന് വൈദ്യുതാലങ്കാരം ഒരുക്കുന്നതിനിടെ ഒരാൾക്ക് ഷോക്കേറ്റ സംഭവത്തെ തുടർന്ന് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് അധികൃതർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദർശന നഗരിയിൽ ജനറേറ്റർ ഉപയോഗിക്കാൻ എക്‌സിബിഷൻ സംഘാടകർ അനുമതി വാങ്ങിയിരുന്നില്ലെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ടി.സി.മോഹനൻ പറഞ്ഞു. ഈ സാഹചര്യത്തിൽ സംഘാടകർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പരിശോധന പ്രഹസനമായിരുന്നെന്ന ആരോപണവുമായി പൗരാവകാശ സമിതി രംഗത്തെത്തി.