elipulikkatt

കോട്ടയം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പേ കടകളുടെ കാലുറപ്പിച്ച് നഗരപരിധിയിലെ വിവിധ പ്രദേശങ്ങളിൽ കൈയേറ്റങ്ങൾ വ്യാപകമാകുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് അധികൃതർ. പെട്ടിക്കടകളായി തുടങ്ങി കോൺക്രീറ്റ് മുറികൾവരെ നിർമ്മിച്ച് കൈയേറ്റം ശക്തമാകുന്നു. എം.സി റോഡിലെ കൈയേറ്റങ്ങൾ അടിയന്തിരമായി ഒഴിയണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ടി.പി നോട്ടീസ് നൽകിയതിന് പിന്നാലെ എം.സി. റോ‌ഡിൽ കോട്ടയത്തുമാത്രം അരഡസൻ കടകളാണ് പുതിയതായി കെട്ടിപ്പൊക്കിയിരിക്കുന്നത്. ഭക്ഷണം പാചകംചെയ്ത് വിൽക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് നഗരസഭയുടെയൊ ഭക്ഷ്യസുരക്ഷാവകുപ്പിന്റെയൊ രജീസ്ട്രേഷനും സർട്ടിഫിക്കറ്റുകളും ഉണ്ടാവില്ല. പരിശോധനകളില്ലാത്തതിനാൽ ആർക്കും എന്തുമാകാമെന്നതാണ് സ്ഥിതി. ചില സ്ഥലങ്ങളിൽ പുറമ്പോക്ക് കൈയ്യേറി സ്ഥാപിക്കുന്ന കടകൾ വലിയതുകയ്ക്ക് വാടകയ്ക്കും നൽകുന്നുണ്ട്. എം.സി. റോഡിൽ കോടിമത, മെഡിക്കൽ കോളേജ് റോഡിൽ ചുങ്കം, എം.എൽ റോഡിൽ ചന്തക്കടവ് എന്നിവിടങ്ങളിലും എലിപ്പുലിക്കാട്ട് പാലത്തിന് സമീപം റോഡിന്റെ ഇരുവശത്തും പുതിയ കൈയ്യേറ്റങ്ങളുണ്ട്. ഇതിൽ അടച്ചുറപ്പുള്ള പെട്ടിക്കട കൈയ്യേറ്രക്കാരൻ മറ്റൊരാൾക്ക് ദിവസം 200 രൂപ പ്രകാരം വാടകയ്ക്ക് നൽകിയിരിക്കുകയാണ്.

 കൈയ്യേറ്റത്തിന്റെ ക്രോണോളജി

ആദ്യം ഒരുമേശയും കസേരയുമിട്ട് നാരങ്ങാവെള്ളമൊ കുലുക്കി സർബത്തോ വിൽക്കും. അതല്ലെങ്കിൽ ഉന്തുവണ്ടിയിൽ ബജിക്കടകളാകും തുടങ്ങുക. അടുത്ത ദിവസങ്ങളിൽ പടുത വലിച്ചുകെട്ടി മേൽക്കൂരയുണ്ടാക്കും. അതുവരെ ഒഴിപ്പിക്കൽ നടപടി ഇല്ലെന്നു കണ്ടാൽ മേൽക്കൂര വിപുലീകരിക്കും.

അതിനുശേഷം തറ കോൺക്രീറ്റ്ചെയ്ത് ഘട്ടംഘട്ടമായി ഭിത്തിയും നിർമ്മിക്കുകയൊ നേരത്തെ തയ്യാറാക്കിയ മാടം കൊണ്ടുവന്ന് സ്ഥാപിക്കുകയൊ ചെയ്യും.

 ദീർഘവീക്ഷണത്തോടെയുള്ള നീക്കം

തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പേ കടകളുടെ 'ഇരിപ്പ് " ഉറപ്പിക്കുകയാണ് ലക്ഷ്യം. കാലാവധി അവസാനിക്കാറായതുകൊണ്ട് നിലവിലുള്ള ഭരണസമിതി കടുത്ത നടപടികളിലേക്ക് കടക്കില്ലെന്നതാണ് ഇത്തരക്കാർക്ക് പ്രചോദനം. പുതിയ ഭരണസമിതി അധികാരത്തിലെത്തുമ്പോൾ തങ്ങളുടെ മുൻഗാമികളെ പഴിച്ച് തലയൂരുകയും ചെയ്യാം.

പ്രതികരണം

'എലിപ്പുലിക്കാട് പാലത്തിന് താഴെ പതിറ്റാണ്ടുകൾ മുമ്പുമുതൽ രണ്ട് കുളിക്കടവുകൾ ഉണ്ടായിരുന്നു. പ്രദേശവാസികളായ നൂറുകണക്കിന് സ്ത്രീകൾ കുളിക്കാനും തുണികഴുകാനും ഈ കടവിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ കടവിലേക്ക് കണ്ണും നട്ടിരിക്കുന്ന കടകൾ വന്നതോടെ അലക്കും കുളിയും വീട്ടിലാക്കാൻ നാട്ടുകാർ നിർബന്ധിതരായിരിക്കുകായണ്. കടവിലെ കടകളെ ചുറ്റിപ്പറ്റി വൈകുന്നേരങ്ങളിൽ ലഹരിഉപയോഗവുമുണ്ട്.

: സന്തോഷ് പള്ളിക്കുന്നേൽ (പ്രദേശവാസി).