കോട്ടയം: ഇൻസിനറേറ്റർ നിർമ്മാണം അടുത്തദിവസം പൂർത്തിയാകുന്നതോടെ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ആനക്കൊട്ടിലിനു സമീപത്തെ രൂക്ഷമായ മാലിന്യപ്രശ്നത്തിന് പരിഹാരമാകും. ക്ഷേത്രത്തിലെ ആനയായ തിരുനക്കര ശിവന് നൽകിയ പനമ്പട്ടയുടെയും മറ്റും അവശിഷ്ടങ്ങളും ആന പിണ്ഡം അടക്കമുള്ള മാലിന്യങ്ങളും കൂടിക്കിടക്കുന്നത് നീക്കം ചെയ്യാതെ പരിസരത്ത് ദുർഗന്ധം ഉയരുന്നതിൽ ഭക്തജനങ്ങളും അമർഷത്തിലായിരുന്നു. പ്രശ്നം പരിഹരിക്കാൻ ഇൻസിനറേറ്റർ സ്ഥാപിക്കണമെന്ന് സെപ്തംബർ 25ന് 'കേരളകൗമുദി" വാർത്ത നൽകിയിരുന്നു. ആറു മാസത്തിനു മുകളിലുള്ള മാലിന്യങ്ങൾ ക്ഷേത്ര വളപ്പിനുള്ളിൽ പടിഞ്ഞാറേ ഗോപുരത്തിന് സമീപം കൂടിക്കിടന്നിരുന്നു. ഇതു കാരണം തിരുനക്കര ശിവനെ ഇവിടെ തളയ്ക്കാതെ ചെങ്ങളത്തുകാവ് ക്ഷേത്ര വളപ്പിലേക്ക് മാറ്റിയിരുന്നു. നഗരസഭാ ജീവനക്കാരായിരുന്നു ഇവിടെ നിന്നുള്ള മാലിന്യങ്ങൾ നേരത്തേ നീക്കം ചെയ്തിരുന്നത്. വടവാതൂർ മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചതോടെ മാലിന്യസംസ്‌കരണത്തിന് സ്ഥലം ഇല്ലാതെ വന്നതാണ് തിരുനക്കരയിലെ മാലിന്യ സംസ്‌കരണം അവതാളത്തിലാക്കിയത്. ക്ഷേത്രത്തിൽ ശുചീകരണ തൊഴിലാളികളുണ്ടെങ്കിലും അവർ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഭക്തജനങ്ങളുടെ പരാതി. തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രോപദേശകസമിതിയും മുൻ കൈയെടുത്താണ് ഇൻസിനറേറ്റർ നിർമ്മിക്കുന്നത്. ഇൻസിനറേറ്റർ നിർമ്മിച്ച് മാലിന്യപ്രശ്നം പരിഹരിക്കുന്നതോടെ തിരുനക്കര ശിവനെ ഇവിടെ ആനക്കൊട്ടിലിൽ തളക്കാനുമാകും.