കോട്ടയം : ആനകൾക്കുളള തീറ്റക്ഷാമം പരിഹരിക്കുന്നതിന് ജില്ലയിൽ തീറ്റപ്പുൽ കൃഷി പദ്ധതി ആരംഭിക്കും. വനം വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീര വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കാനുദേശിക്കുന്ന പദ്ധതി സംബന്ധിച്ച് ജില്ലാ കളക്ടർ പി.കെ.സുധീർ ബാബുവിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം ചർച്ച ചെയ്തു. പുൽകൃഷിക്കുള്ള സ്ഥലം കണ്ടെത്തി ലഭ്യമാക്കുന്നതിന് ആന ഉടമകളെ ചുമതലപ്പെടുത്തും. ആന എഴുന്നള്ളിപ്പ് നടത്തുന്ന എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും നാട്ടാന പരിപാലന ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കളക്ടർ നിർദേശിച്ചു. ജില്ലാതല ഉത്സവ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ അനുമതി ഇല്ലാതെ ആനയെ എഴുന്നള്ളിച്ച് ഉത്സവം നടത്താൻ പാടില്ല. ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങൾക്കും നാശങ്ങൾക്കും നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനുള്ള പബ്ലിക് ലയബിലിറ്റി ഇൻഷ്വുറൻസ് എടുക്കാത്ത ക്ഷേത്ര ഉത്സവ കമ്മിറ്റികൾക്കെതിരെ നടപടി സ്വീകരിക്കും. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഉത്സവകമ്മിറ്റിയും ആന ഉടമകളും പാലിക്കേണ്ട നിയമങ്ങളും നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. ജില്ലയിലെ ആന ഉടമകൾക്കും പാപ്പാൻമാർക്കും ഉത്സവകമ്മിറ്റി ഭാരവാഹികൾക്കും പരിശീലന ക്ലാസ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

നിർദ്ദേശങ്ങളിങ്ങനെ

മദപ്പാട്, പരിക്ക്, ക്ഷീണം എന്നിവയുള്ള ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്

ആനകളുടെ ആരോഗ്യം എലിഫന്റ് സ്‌ക്വാഡ് കർശനമായി പരിശോധിക്കണം

കൂടുതൽ ആനകളുണ്ടെങ്കിൽ വെറ്റിനറി ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തണം

മുള്ളുള്ള ചങ്ങലയോ കമ്പിയോ ഉപയോഗിച്ച് ആനയെ ബന്ധിക്കരുത്

തിരക്കേറിയ റോഡിലൂടെ ആനയെ നടത്തിക്കൊണ്ടുപാകുന്നത് ഒഴിവാക്കണം

രാവിലെ 11 നും വൈകിട്ട് 4 നുമിടയിൽ ആനകളെ എഴുന്നള്ളിക്കരുത്

ആനകളുടെ സമീപത്ത് വച്ച് വൻശബ്ദമുള്ള പടക്കം പൊട്ടിക്കരുത്

പൊതുജനങ്ങളിൽനിന്ന് ആനകൾക്ക് ശല്യമോ പ്രകോപനമോ ഉണ്ടാകരുത്

ആനയ്ക്ക് മതിയായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം

കുട്ടിയാനകളെ ആഘോഷങ്ങളിൽ പങ്കെടുപ്പിക്കരുത്

 എഴുന്നള്ളിപ്പിന്റെ വിവരങ്ങൾ 72 മണിക്കൂറിന് മുമ്പ് അതത് ഫോറസ്റ്റ് റെയ്ഞ്ചർ, പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരെ അറിയിക്കണം