വൈക്കം: എസ്.എൻ.ഡി.പി യോഗം കേന്ദ്രവനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ജനുവരി 18 ന് തൃശ്ശൂരിൽ ആറായിരം പ്രതിഭകൾ പങ്കെടുക്കുന്ന മെഗാ മോഹിനിയാട്ടത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ പഠിതാക്കൾക്കുള്ള പരിശീലനകളരി വൈക്കത്ത് എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടത്തി.
പരിശീലക കോ-ഓർഡിനേറ്റർ കലാമണ്ഡലം ഡോ. ധനുഷാ സന്യാലിന്റെ നേതൃത്വത്തിലാണ് 150 പേർക്ക് പരിശീലനം നൽകിയത്. ഗുരുദേവ കൃതിയായ കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ട നൃത്താവിഷ്‌ക്കരണമാണ് ഏകാത്മകം മെഗാ ഈവന്റിലൂടെ നടത്തുന്നത്. വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളിലെ പ്രതിഭകൾക്കാണ് പരിശീലനകളരി നടത്തിയത്. വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ പരിശീലനകളരി ഉദ്ഘാടനം ചെയ്തു. കേന്ദ്രസമിതിയംഗം ഷൈലജ രവീന്ദ്രൻ, വനിതാസംഘം വൈക്കം യൂണിയൻ പ്രസിഡന്റ് ഷീജാ സാബു, സെക്രട്ടറി ബീന അശോകൻ, തലയോലപ്പറമ്പ് വനിതാസംഘം പ്രസിഡന്റ് പത്മിനി തങ്കപ്പൻ, സെക്രട്ടറി സുലഭ, യോഗം അസ്സി. സെക്രട്ടറി പി. പി. സന്തോഷ്, കനകമ്മ പുരുഷൻ, സുശീല സാനു, രത്‌നകുമാരി, സുശീല മഹേന്ദ്രൻ, മണി മോഹൻ, സുനില എന്നിവർ പങ്കെടുത്തു.