കിടങ്ങൂർ : കിടങ്ങൂരിന്റെ കാർത്യായനി മുത്തശ്ശി വിടവാങ്ങി. 103ാം വയസിലായിരുന്നു അന്ത്യം. മകര ചതയ നാളിൽ പിറന്ന കാർത്യായനി ചതയത്തിന്റെ പക്ക പിറന്നാൾ ഇന്ന് എത്തും മുമ്പാണ് ഇഹലോകവാസം വെടിഞ്ഞത്. കിടങ്ങൂർ കറുകശ്ശേരിൽ കുടുംബാംഗമായ കാർത്യായനി മുത്തശ്ശിയുടെ ജീവിതം ഒരു നാടിനാകെ അത്ഭുതമായിരുന്നു. നാല് മാസം മുമ്പ് വീണ് തുടയെല്ല് പൊട്ടിയത് ഒഴിച്ചാൽ 103 വയസിനിടെ ഇതുവരെ ആശുപത്രിയുടെ പടി കയറിയിയില്ല. മകൻ റിട്ട. അദ്ധ്യാപകനും എസ്.എൻ.ഡി.പി യോഗം പിറയാർ ശാഖ പ്രസിഡന്റ് കെ.ഗോപിനാഥനോടൊപ്പമായിരുന്നു ഇവരുടെ താമസം. ഭർത്താവ് കെ.എൻ.പണിക്കർ 45 വർഷം മുമ്പ് മരണമടഞ്ഞു. കെ.ഗോപിനാഥൻ ഉൾപ്പെടെ ആറ് മക്കളുള്ള കാർത്യായനി മുത്തശിക്ക് അഞ്ച് തലമുറകളെ ലാളിക്കാനുള്ള ഭാഗ്യം ലഭിച്ചു. അൽപ്പം കേൾവിക്കുറവ് ഒഴിച്ചാൽ പ്രായത്തിന്റെതായ മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ല. അടുത്ത കാലം വരെ ദിവസവും കുഴമ്പ് തേച്ചുഉള്ള കുളിയും തുടർന്ന് കാപ്പിയും കഴിഞ്ഞാൽ 'കേരളകൗമുദി" പത്രം വായിക്കണമെന്നുള്ളത് നിർബന്ധമായിരുന്നു. കണ്ണടപോലും ഇല്ലാതെയായിരുന്നു പത്രം വായന. കാർത്യായനി മുത്തശ്ശിയുടെ നിര്യാണത്തിൽ എം. പി. മാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, എം.എൽ.എമാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ, സുരേഷ് കുറുപ്പ്, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ നേതാക്കളായ അഡ്വ.കെ.എം. സന്തോഷ് കുമാർ, എ.ജി.തങ്കപ്പൻ, എൻ.എസ്.എസ്. മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ, കിടങ്ങൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ജി.വിശ്വനാഥൻ നായർ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ഷൈബി മാത്യു, മുൻ എം.എൽ.എ വി. എൻ. വാസവൻ തുടങ്ങിയവർ അനുശോചിച്ചു.