കോട്ടയം: ലയത്തിന് തീപിടിച്ചതോടെ എസ്റ്റേറ്റ് തൊഴിലാളി ദുരെ, മകളുടെ കല്യാണത്തിന് സ്വരുക്കൂട്ടിവച്ചിരുന്ന സ്വർണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും ചാമ്പലായി. മകളുടെ കല്യാണം ജനുവരി 26ന് നടക്കേണ്ടതാണ്. ഇനി എന്തുചെയ്യുമെന്ന ചിന്തയിലാണ് ദുരെയും കുടുംബവും. കനകരാജ്, സെൽവം, ജയൻ, ബാലകൃഷ്ണൻ എന്നിവരുടെ കെട്ടിടവും കത്തിനശിച്ചു. അഞ്ചു വീട്ടുകാരും ഒരു ലയത്തിലാണ് താമസിച്ചിരുന്നത്. കെട്ടിടം പൂർണമായും അഗ്നിക്ക് ഇരയായി. തീ പടരുന്നത് കണ്ട് ലയത്തിൽ താമസിച്ചിരുന്നവർ ഓടിമാറിയതിനാൽ ആളപായം ഉണ്ടായില്ല. അതേസമയം വീട്ടുപകരണങ്ങളും പണവും അഗ്നിക്കിരയായി. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അറിയുന്നു. പീരുമേട്ടിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.