കോട്ടയം: വീട് വയ്ക്കാൻ പത്തുസെന്റ് സ്ഥലം ഒരുക്കാനെന്നപേരിൽ ഒരു പ്രദേശമാകെ മണ്ണ് മാഫിയ കൈയടക്കി. ഇതോടെ കിണറുകളിലെ വെള്ളം വറ്റി. അയൽവാസികളുടെ തിട്ട ഇടിഞ്ഞു. മഴക്കാലത്ത് മണ്ണും ചെളിയും നിറ‌ഞ്ഞ് രണ്ട് കിണറുകൾ മൂടി. പണവും സ്വാധീനവും ഉപയോഗിച്ച് മണ്ണ് മാഫിയ പിടിമുറുക്കിയതോടെ ഗതിയില്ലാതെ നാട്ടുകാർ സമരവുമായി മുന്നിട്ടിറങ്ങുകയാണ്. മണർകാട് - അയർക്കുന്നം റോഡിൽ മാലം ചേനന്നംകുന്ന് കവലക്ക് സമീപം കിഴക്കേടത്തുപടി റോഡിലെ ബ്രദറൺ സഭയുടെ മന്ദിരത്തിന് സമീപമാണ് അനധികൃത മണ്ണെടുപ്പ് തകൃതിയായി നടക്കുന്നത്. ആലത്തുങ്കൽ ശോശാമ്മ മാത്യുവിന്റെ പുരയിടത്തിലാണ് അനധികൃത മണ്ണ് ഖനനം നടക്കുന്നത്. ഇത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കോട്ടയം മൈനിംഗ് ആൻ‌ഡ് ജിയോളജി വകുപ്പിൽ പരാതി നല്കിയിട്ടുണ്ട്. മണർകാട് പഞ്ചായത്തിൽ പല സ്ഥലങ്ങളിലായി ഇവർക്ക് ഭൂമിയും വീടുകളും കടകളും ഉള്ളപ്പോഴാണ് വീട് വയ്ക്കാനെന്ന പേരിൽ അനുമതി തേടി ഒരു പ്രദേശത്തെയാകെ മണ്ണ് ഖനനം ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ പരാതിയിൽ പറയുന്നു. ഇതുകൂടാതെ മറ്റ് സ്ഥലങ്ങളിലും മണ്ണെടുത്ത് കച്ചവടം ചെയ്യുന്നുണ്ട്. പൊതു അവധിദിവസം നോക്കിയാണ് മണ്ണെടുപ്പ് നടത്തുന്നത്. രണ്ട് ജെ.സി.ബികളും പത്തിലധികം ടിപ്പറുകളുമാണ് അവധിദിവസങ്ങളിൽ മണ്ണെടുക്കാൻ എത്തുന്നത്. അനധികൃത മണ്ണെടുപ്പ് കാരണം തൊടിയിൽ ലാലു, പെരുമ്പള്ളി പൊന്നുമണി എന്നിവരുടെ കിണറുകളാണ് നശിച്ചത്. മണർകാട് സെന്റ് മേരിസ് കോളേജിലെ കുട്ടികളെത്തിയാണ് എത്തിയാണ് മണ്ണ് മാറ്റി കിണർ ശുചിയാക്കിയത്.

അനധികൃത മണ്ണെടുപ്പ് കാരണം കൊച്ചുപറമ്പ് കുടിവെള്ള പദ്ധതിയും പാളിയ അവസ്ഥയാണ്. നാട്ടുകാരുടെ ഏക ആശ്രയമായിരുന്നു ഈ പദ്ധതി പാളിയതോടെ തോട്ടിലെ വെള്ളമാണ് ഇപ്പോൾ നാട്ടുകാരുടെ ആശ്രയം. തോട്ടിലെ വെള്ളം ഫിൽറ്റർ ചെയ്താണ് ഇപ്പോൾ നാട്ടുകാർ ഉപയോഗിക്കുന്നത്.