കോട്ടയം: കുട്ടികളെ മിടുക്കരാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് സ്‌കൂൾ -ഹൈടെക് ലാബ് പദ്ധതി. ജില്ലയിലെ 80 ശതമാനത്തിലേറെ സ്‌കൂളുകളിലും ആധുനിക സൗകര്യങ്ങളോടെ കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചുകഴിഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനാണ് (കൈറ്റ്) പദ്ധതി നടപ്പാക്കുന്നത്. 2018 ജനുവരിയിലാണ് പദ്ധതിയ്‌ക്ക് ജില്ലയിൽ തുടക്കമിട്ടത്. എട്ടു മുതൽ പന്ത്രണ്ട് വരെയുള്ള എല്ലാ സർക്കാർ , എയ്‌ഡഡ് സ്‌കൂളുകളും ഹൈടെക്ക് ആക്കുന്നതാണ് പദ്ധതി. ജില്ലയിൽ ഇതുവരെ 135 സർക്കാർ സ്‌കൂളുകളും 248 എയിഡഡ് സ്‌കൂളുകളും അടക്കം 383സ്‌കൂളുകൾ ഹൈടെക്കായിക്കഴിഞ്ഞു. 211സർക്കാർ സ്‌കൂകളിലും 444 എയ്ഡഡ് സ്‌കൂളുകളിലും അടക്കം 655 സ്‌കൂളുകളിൽ ഉപകരണങ്ങൾ എത്തിച്ചിട്ടുണ്ട്.
ഹൈ ടെക്കാവാൻ നൽകുന്നത്
ലാപ്പ്ടോപ്പുകൾ, യു.എസ്.ബി സ്പീക്കർ, പ്രൊജക്‌ടർ, മൗണ്ടിംഗ് കിറ്റ് , സ്‌ക്രീനുകൾ, 43 ഇഞ്ച് എൽ.ഇ.ഡി ,
മൾട്ടിഫംഗ്ഷൻ പ്രിന്ററുകൾ, ഡി.എസ്.എൽ.ആർ ക്യാമറ, എച്ച്.ഡി വെബ് ക്യാം എന്നിവയാണ്.
സർക്കാർ മേഖലയിലെ വെച്ചൂർ സർക്കാർ സ്‌കൂൾ ഗവ.ഡി വി എച്ച് എസ് എസിനു നൽകിയത് 32 ലാപ്‌ടോപ്പും 17പ്രൊജക്ടറുമാണ്. എയിഡഡ് മേഖലയിലെ എം ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിന് നൽകിയത് 61ലാപ്‌ടോപ്പും 42 പ്രൊജക്ടറും.
ചെലവഴിച്ചത്
33.55കോടി രൂപ
അദ്ധ്യാപകർക്ക് പരിശീലനം
പദ്ധതിയുടെ ഭാഗമായി മുഴുവൻ അദ്ധ്യാപകർക്കും ഐ.ടി പരിശീലനം നൽകി
ഡിജിറ്റൽ സംവിധാനമുപയോഗിച്ച് പഠിപ്പിക്കുന്നതിനായി 'സമഗ്ര' പോർട്ടൽ
കുട്ടികളുടെ വലിയ ഐ.ടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' യൂണിറ്റുകൾ
എല്ലാ ഉപകരണങ്ങൾക്കും അഞ്ച് വർഷ വാറണ്ടിയും ഇൻഷുറൻസ് പരിരക്ഷയും പരാതി പരിഹാരത്തിന് പ്രത്യേക കോൾ സെന്ററും വെബ് പോർട്ടലും കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിൽ പ്രത്യേക ഐടി ഓഡിറ്റ് പൂർത്തിയാക്കാനും ജില്ലാ - സംസ്ഥാനതല ഹൈടെക് പൂർത്തീകരണ പ്രഖ്യാപനങ്ങൾ നടത്താനും ക്രമീകരണമുണ്ട്.
കെ. അൻവർ സാദത്ത്,
കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ