കറുകച്ചാൽ : ഡിസംബർ തുടങ്ങി. ഇത്തവണയെങ്കിലും ബംഗ്ലാകുന്ന് നിവാസികളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാകുമോ. കറുകച്ചാൽ പഞ്ചായത്തിലെ ജലക്ഷാമം ഏറെയുള്ള പ്രദേശമാണ് ബംഗ്ലാംകുന്ന് ഭാഗം. ഉയർന്ന പ്രദേശമായതിനാൽ ഡിസംബർ കഴിയുന്നതോടെ ഭൂരിഭാഗം കിണറുകളും വറ്റാൻ തുടങ്ങും. ഇതോടെ കുടിവെള്ളം വിലകൊടുത്ത് വാങ്ങണം. 35 വർഷം മുൻപ് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ച പദ്ധതി നിലച്ചിട്ട് 15 വർഷത്തോളമായി. പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ടാങ്ക് സ്ഥിതി ചെയ്യുന്നത്.
കാലപ്പഴക്കത്താൽ പൈപ്പുകളും, മുപ്പതിനായിരം ലിറ്റർ ശേഷിയുള്ള ടാങ്കും തകർന്ന നിലയിലാണ്. കോളനിയിലെ മുപ്പതോളം കുടുംബങ്ങൾക്ക് വേണ്ടിയാണ് പദ്ധതി ആരംഭിച്ചത്. നെത്തല്ലൂരിലെ കിണറ്റിൽനിന്ന് വെള്ളം പമ്പുചെയ്തായിരുന്നു ബംഗ്ലാംകുന്നിലെ ടാങ്കിൽ എത്തിച്ചിരുന്നത്. ടാങ്കിന് ചുറ്റും ടാപ്പുകൾ ഘടിപ്പിച്ചായിരുന്നു വിതരണം. 20 വർഷത്തോളം ജലവിതരണം കാര്യക്ഷമമായിരുന്നു. പിന്നീട് പൈപ്പുകൾ തകരാർ ഉണ്ടാകുകയും, പമ്പിങ് അടക്കമുള്ള പ്രവർത്തനങ്ങൾ നിലയ്ക്കുകയുമായിരുന്നു.
കിണറുള്ളത് ചുരുക്കം വീടുകളിൽ
കോളനിയിലെ ഏതാനും വീടുകളിൽ മാത്രമാണ് കിണറുള്ളത്. വേനൽ കനക്കുന്നതോടെ പൂർണമായി വറ്റും. പിന്നീട് ഓട്ടോറിക്ഷകളിലും, തലച്ചുമടായും വെള്ളം കൊണ്ടുവരേണ്ട സ്ഥിതിയാണ്. ഏതാനും വർഷം മുൻപ് കുഴൽക്കിണർ നിർമ്മിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് ഇവിടെയുള്ളത്.
ഓരോ വർഷവും നാലുമാസത്തോളം വിലകൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് ഇവർ.
''
കുടിവെള്ള പദ്ധതി അനുഗ്രഹമായിരുന്നു. വില കൊടുത്ത് വെള്ളം വാങ്ങുകയെന്നത് പലർക്കും സാധിക്കുന്നില്ല.
നിലച്ചുപോയ പദ്ധതി പുനരാരംഭിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണം.
പ്രദേശവാസികൾ
30 വർഷം മുൻപ് : പദ്ധതി തുടങ്ങിയത്
15 വർഷം : പദ്ധതി നിലച്ചിട്ട്