ഞീഴൂർ: വിശ്വഭാരതി എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാടൻ ഭക്ഷ്യ വിഭവങ്ങളുടെ മേള സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ എം.വി കൃഷ്ണൻകുട്ടി മേള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എസ് സത്യൻ , കൺവീനർ പി.ബി പുഷ്പാംഗദൻ എന്നിവർ പങ്കെടുത്തു. സ്‌കൂൾ കുട്ടികൾ വീട്ടിൽ നിന്നു തയ്യാറാക്കി കൊണ്ടു വന്ന നാടൻ ഭക്ഷണ വിഭവങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾ മേളയുടെ ഭാഗമായി. കുട്ടികളുടെ ഉച്ചഭക്ഷണ സമയത്താണ് മേള സംഘടിപ്പിച്ചത്. കപ്പകൊണ്ടുള്ള വിഭവങ്ങൾ, അട, കൊഴുക്കട്ട, ചേന, ചേമ്പ്, കാച്ചിൽ, കേസരി, വട്ടയപ്പം, മീൻ വിഭവങ്ങൾ, വിവിധയിനം കട്‌ലറ്റുകൾ, ഉണ്ണിയപ്പം, നെയ്യപ്പം, വിവിധയിനം ദോശകൾ, കക്കായിറച്ചികൊണ്ടുള്ള വിഭവങ്ങൾ, അച്ചാറിനങ്ങൾ തുടങ്ങി നൂറിലധികം വിഭവങ്ങൾ പ്രദർശനത്തിനെത്തിച്ചു.