കോട്ടയം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്നും എം.എൽ.എമാരുടേതടക്കം എല്ലാ പെൻഷനും പരമാവധി 25000 രൂപയായി നിജപ്പെടുത്തണമെന്നും ജനപക്ഷം നേതാവ് പി.സി.ജോർജ് എം.എൽ.എ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കും പുതിയ ശമ്പള കമ്മിഷനും ശുപാർശ നൽകും. കേന്ദ്രത്തിൽ പത്തുവർഷത്തിലൊരിക്കൽ ശമ്പള കമ്മിഷനെ നിയമിക്കുമ്പോൾ കേരളത്തിൽ മാത്രം അഞ്ചു വർഷത്തിലൊരിക്കലാണ്. ആറ് ലക്ഷം ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും നൽകി കഴിഞ്ഞാൽ ഖജനാവ് കാലിയാകും. ഒരു വർഷം 100 ദിവസം വിവിധ അവധികളുണ്ട്. 265 ദിവസം ജോലി ചെയ്തിട്ട് മുഴുവൻ ശമ്പളവും വാങ്ങുന്നത് ശരിയല്ല. അവധി ദിവസം ഒഴിച്ചേ ശമ്പളം നൽകാവൂ. ശമ്പളം വെട്ടിക്കുറക്കണമെന്നാവശ്യപ്പെട്ട് ജനപക്ഷം പ്രക്ഷോഭം ആരംഭിക്കും. ബാങ്ക് വായ്പയുടെ പേരിൽ ജപ്തി നടപടികൾക്ക് വീട്ടിലെത്തുന്ന ഉദ്യോഗസ്ഥരെ തല്ലിയോടിക്കുന്നതിനെ പിന്തുണയ്ക്കുമെന്നും ജോർജ് പറഞ്ഞു.