കോട്ടയം: അകലക്കുന്നം ആറാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥി വിപിൻ തോമസിനാണ് യു.ഡി.എഫ് പിന്തുണയെന്ന് കേരളകോൺഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ഔദ്യോഗിക പാർട്ടി തങ്ങളുടേതാണ് . ജോസ് വിഭാഗത്തിന്റേത് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് . ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ നിർദ്ദേശമനുസരിച്ച് ചങ്ങനാശേരി നഗരസഭാ ചെയർമാൻ സ്ഥാനവും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ജോസ് വിഭാഗം ഒഴിയണം. ഇല്ലെങ്കിൽ യു.ഡിഎഫ് ധാരണ ലംഘിച്ച അവരെ മുന്നണിയിൽ നിന്ന് പുറത്താക്കണം.

ജോസ് വിഭാഗം സെക്രട്ടറി സ്റ്റീഫൻ ജോർജിന് പാട്ടി ഓഫീസിന്റെ അറ്റകുറ്റപണി നടത്താനും മറ്റുമുള്ള ചുമതലയാണ് കെ.എം.മാണി നൽകിയത്. വ്യാജ സീൽ ഉപയോഗിച്ച് സ്വയം ഓഫീസ് സെക്രട്ടറി ചമയുകയാണ്. ജോയി എബ്രഹാമാണ് ഓഫീസ് ചുമതലയുള്ള സെക്രട്ടറി. കോട്ടയം ജില്ലാ പഞ്ചായത്തിൽ സി.പി.എമ്മിനെ കൂട്ടു പിടിച്ച് കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചവർ വീണ്ടും ഇടതു മുന്നണിയുമായ് ചങ്ങാത്തത്തിന് ശ്രമിക്കുകയാണ്. അടുത്ത തദ്ദേശ ഉപതിരഞ്ഞെടുപ്പോടെ ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തുമെന്നും ഇതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും സജി പറഞ്ഞു.