കോട്ടയം: സപ്ലൈക്കോയിൽ സബ്സിഡി സാധനങ്ങളിൽ പലതും ഇനിയുമെത്തിയില്ല. ഒരു മാസത്തിലേറെയായി പയറും പഞ്ചസാരയുമില്ലാതെ സ്റ്റോറുകൾ കടുത്ത ദാരിദ്ര്യത്തിലാണ്..!
ചില സ്റ്റോറുകളിൽ ആകെയുള്ളത് ഉഴുന്നും കടലയും മാത്രം. കഴിഞ്ഞ മാസം പത്തിനു ശേഷം ജില്ലയിലെ ഒരു സ്റ്റോറിലും പഞ്ചസാര എത്തിയിട്ടില്ല. വിതരണം എന്ന് പുനരാരംഭിക്കുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ അധികൃതർക്ക് സാധിക്കുന്നുമില്ല.
അരിയും പഞ്ചസാരയും വെളിച്ചെണ്ണയും പയർ വർഗങ്ങളും വറ്റൽ മുളുകുമാണ് സബ്സിഡി ഇനങ്ങളിൽ ജനപ്രിയമായത്. എന്നാൽ, ചെറുപയറും വൻപയറും വറ്റൽമുളകും വെളിച്ചെണ്ണയും പലപ്പൊഴും കിട്ടാറില്ല.
ഇടയ്‌ക്ക് അരിയ്‌ക്കു ക്ഷാമമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതൽ കുത്തരി കൂടുതലായി എത്തിയിട്ടുണ്ട്. പരിപ്പ്, ഉഴുന്ന്, കടല എന്നിവയും ചിലയിടങ്ങളിൽ എത്തിത്തുടങ്ങി.
ഇ ടെൻഡർ നടപടികൾ വൈകിയതോടെയാണ് അവശ്യസാധനങ്ങളും സബ് സിഡി സാധനങ്ങളും ഇല്ലാതെയായത്. നവംബർ പകുതിയോടെ പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഡിസംബറിലും പരിഹരിക്കാൻ സാധിച്ചിട്ടില്ല.