വൈക്കം : വേമ്പനാട്ടു കായലിലെ മത്സ്യസമ്പത്ത് നശിപ്പിക്കുന്ന അശാസ്ത്രീയവും യാതൊരു നിയന്ത്രണവുമില്ലാത്ത അനധികൃത ചീനവലകളിലുള്ള മത്സ്യബന്ധനം നിയന്ത്രിക്കണമെന്ന് മത്സ്യ തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് ഭീഷണി ഉയർത്തുന്ന അശാസ്ത്രീയവും യാതൊരുവിധ നിയന്ത്രണവുമില്ലാത്ത മത്സ്യബന്ധനം കായലിലെ മത്സ്യ സമ്പത്ത് പാടെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ ചീനവലകളിലേക്ക് വലിച്ചിട്ടുള്ള വൈദ്യുതി ലൈനുകൾ അടിയന്തിരമായി നീക്കം ചെയ്യണം. നിരന്തരമായ സമരവും നിയമപരമായ നടപടി ഉണ്ടായിട്ടുപോലും ചീനവലകൾ ഊരിമാറ്റാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും മത്സ്യത്തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റി നേതാക്കളായ കെ. സുഗുണൻ, ബി. അശോകൻ, കെ.വി. പ്രകാശൻ, അഡ്വ. കെ. കുമാരൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അനധികൃതമായ മത്സ്യബന്ധനരീതി അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഫിഷറീസ് ഓഫീസ് സ്തംഭിപ്പിക്കുന്നത് ഉൾപ്പടെയുള്ള വമ്പിച്ച സമരമാർഗങ്ങൾ ആരംഭിക്കുമെന്നും കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.