കോട്ടയം: ലൈസൻസും മലിനീകരണ നിയന്ത്രണ ബോ‌ർഡിന്റെ സർട്ടിഫിക്കറ്റുമില്ലാതെ പ്രതിദിനം അറുനൂറ് കിലോയിലേറെ ഇറച്ചി വിൽക്കുന്ന നഗരസഭ പരിധിയിലെ ആറ് അറവുശാലകൾ നഗരസഭ ആരോഗ്യ വിഭാഗം അടച്ചു പൂട്ടി. കുമാരനല്ലൂരിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കീഴിലുള്ള പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് അറവുശാലകൾ അടച്ചു പൂട്ടിയത്. കോട്ടയം നഗരത്തിലെ നഗരസഭയുടെ അറവുശാല കഴിഞ്ഞ ഏപ്രിലിൽ അടച്ചു പൂട്ടിയിരുന്നു. ഇതോടെയാണ് നഗര പരിധിയിൽ അനധികൃത അറവുശാലകൾ വർദ്ധിച്ചത്.

വൻ തോതിൽ ഗുണനിലവാരമില്ലാത്ത മാസം വിൽപ്പന നടത്തുന്നതായി നഗരസഭ ആരോഗ്യ വിഭാഗത്തിനു പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുമാരനല്ലൂരിലെ സംക്രാന്തി, ഗാന്ധിനഗർ, പുല്ലരിക്കുന്ന്, കുമാരനല്ലൂർ മേഖലകളിലാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഓരോ സ്ഥാപനത്തിലും ശരാശരി നൂറ് കിലോയെങ്കിലും മാംസം പ്രതിദിനം വിൽക്കുന്നുണ്ടെന്നാണ് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

അനധികൃതമായി മാംസം വിൽക്കുന്നത് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ചുങ്കം ഭാഗത്തെ കോൾഡ് സ്റ്റോറേജിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർമാരായ തങ്കം ടി.എ, സൈനുദീൻ, ജെ.എച്ച്.ഐമാരായ ശ്യാംകുമാർ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.