പാലാ : ജനറൽ ആശുപത്രിക്ക് പ്രൊഫ.കെ.എം.ചാണ്ടിയുടെ പേര് നൽകണമെന്ന പാർട്ടി നിലപാട് വ്യക്തമാണ് എന്നും മറിച്ചുളള പ്രചരണങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുളളതാണെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീശ് ചൊളളാനിയും, മണ്ഡലം പ്രസിഡന്റ് ബിജോയി എബ്രഹാമും അറിയിച്ചു. ഒക്‌ടോബർ 15 ന് നടന്ന കൗൺസിലിൽ പ്രൊഫ. സതീശ് ചൊളളാനി കെ.എം ചാണ്ടിയുടെ പേരിടണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടന്ന വോട്ടെടുപ്പിൽ കോൺഗ്രസിലെ മൂന്നംഗങ്ങളിൽ രണ്ടുപേർ അനുകൂലിച്ചും കേരളകോൺഗ്രസിന്റെ ഇരുവിഭാഗങ്ങളും എതിർത്തും വോട്ട് ചെയ്തു. ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് കെ.എം.മാണിയുടെ പേരിടാൻ കൗൺസിൽ തീരുമാനമെടുത്തത്. വോട്ടെടുപ്പിൽ കെ.എം.ചാണ്ടിയുടെ പേര് ഇടുന്നതിന് അനുകൂലമായി വോട്ട് ചെയ്യാതെ ഇപ്പോൾ അതിന്റെ പേരിൽ മുതലക്കണ്ണീർ പൊഴിക്കുന്ന ഇടതുപക്ഷത്തിന്റെ നിലപാട് ഇരട്ടത്താപ്പ് നിറഞ്ഞതാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.