കോട്ടയം: രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥയും ലഹരിമരുന്നിന്റെ വ്യാപനവും അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന് കൊച്ചിൻ ഷിപ്പ്‌‌യാ‌ർഡ് ഡയറക്ടർ ബി. രാധാകൃഷ്ണമേനോൻ പറഞ്ഞു.

കാഞ്ഞിരം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ കേരളകൗമുദിയും കൊച്ചിൻ ഷിപ്പ്‌യാർ‌‌‌ഡും സംസ്ഥാന എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച 'ബോധപൗർണമി' ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ വൻശക്തിയാകാനുള്ള ഭാരതത്തിന്റെ പ്രയാണം തടസപ്പെടുത്താൻ ഒളിഞ്ഞും തെളിഞ്ഞും ചരടുവലിക്കുന്ന അന്തരാഷ്ട്ര ഗൂഢസംഘങ്ങളാണ് ലഹരിമരുന്നും കള്ളപ്പണവും എത്തിക്കുന്നത്. ഇവ രണ്ടും ഭീകരവാദത്തെപ്പോലെ ആപത്ക്കരവുമാണ്. മയക്കുമരുന്ന് നൽകി യുവാക്കളുടെ കർമശേഷി നശിപ്പിക്കാനും സ്വർണവും കള്ളപ്പണവും ഒഴുക്കി രാജ്യത്തിന്റെ സമ്പദ്ഘടന തകർക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. ഏതൊരു രാജ്യത്തിന്റെയും വിലമതിക്കാനാവാത്ത സമ്പത്ത് അവിടുത്തെ യുവതലമുറയാണ്. യുവാക്കൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായാൽ ആ രാജ്യത്തിന്റെ പുരോഗതി അസാദ്ധ്യാമാകും. ഭാരതത്തിനെതിരെ പോരാടുന്ന മയക്കുമരുന്ന്- കള്ളപ്പണം- തീവ്രവാദ സംഘങ്ങൾക്കെതിരെ സന്ധിയില്ലാത്ത നിലപാടുകളാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടുവരുന്നത്. ഇത്തരം ഗൂഢസംഘങ്ങളെ തിരിച്ചറിയാൻ സാധിച്ചു എന്നതുതന്നെയാണ് കേന്ദ്ര സർക്കാരിന്റെ ആദ്യ നേട്ടം.

കേരളത്തിൽ യുവജനങ്ങളുടെ റോൾമോഡലുകളായ സിനിമാതാരങ്ങൾ പോലും ലഹരിക്ക് അടികളാണെന്ന വെളിപ്പെടുത്തൽ അത്യന്തം ആശങ്കാജനകമാണ്. ഈ കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം പൊതുസമൂഹവും ജാഗ്രത പാലിക്കേണ്ടതുണ്ട്. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു മാദ്ധ്യമം എന്ന നിലയിൽ ലഹരിക്കെതിരെ കേരളകൗമുദി ഏറ്റെടുത്തിരിക്കുന്ന 'ബോധപൗർണമി' എന്ന പരിപാടി അങ്ങേയറ്റം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ മാനേജർ ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് ആമുഖപ്രഭാഷണം നടത്തി. കൊച്ചിൻ ഷിപ്പ്‌യാർഡ് എ.ജി.എം പി.എൻ. സമ്പത്ത് കുമാർ മുഖ്യാതിഥിയായി. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജി. രാധാകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. മോഹനൻ നായർ ക്ലാസ് നയിച്ചു. കാഞ്ഞിരം സ്കൂളിലെ 'എന്റെ കൗമുദി' പദ്ധതിയുടെ ഉദ്ഘാടനം സ്നേഹക്കൂട് അഭയമന്ദിരം ചെയർപേഴ്സൺ നിഷ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.നാസർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി. അജിത് കുമാർ സ്വാഗതവും സ്കൂൾ അഡ്മിനിസ്ട്രേറ്റർ സജീഷ് കുമാർ മണലേൽ നന്ദിയും പറഞ്ഞു.