വാഴൂർ : കളക്ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിക്ക് വാഴൂർ ബ്ലോക്കിൽ തുടക്കമായി. നെടുംകുന്നം ഗവ.എച്ച്.എസ്.എസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികൾ, ചില്ലു കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, കടലാസുകൾ എന്നിവ വേർതിരിച്ച് ശേഖരിക്കുന്നതിനായി നാല് ബൂത്തുകൾ സ്‌കൂളിൽ സ്ഥാപിച്ചു. കുട്ടികൾക്ക് വീടുകളിൽ നിന്ന് ബോട്ടിലുകളും കവറുകളും ശേഖരിച്ച് വൃത്തിയാക്കി ബൂത്തുകളിൽ നിക്ഷേപിക്കാം. ഇവ ആഴ്ചയിൽ ഒരിക്കൽ ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ച് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകളിൽ എത്തിക്കുകയോ ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയോ ചെയ്യും. വിദ്യാർത്ഥികളിലൂടെ സമൂഹത്തിൽ ശുചിത്വബോധം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ചാണ് ബ്ലോക്ക് തലത്തിൽ സ്‌കൂളുകളിൽ നടപ്പാക്കുന്നത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് ഒരു ബൂത്തിന് 7400 രൂപ വീതം നാലു ബൂത്തുകൾക്ക് 29,600 രൂപയും എൽ.പി, യു.പി സ്‌കൂളുകളിൽ ഒരു ബൂത്തിന് 5300 രൂപ വീതം 21,200 രൂപയുമാണ് പദ്ധതി വിഹിതം. നെടുംകുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന നൗഷാദ്, ബ്ലോക്ക് പഞ്ചായത്തംഗം രാകേഷ് കൈടാച്ചിറ, ഗ്രാമപഞ്ചായത്തംഗം മാത്യു ജോൺ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ. സുജിത് എന്നിവർ പങ്കെടുത്തു.