കോട്ടയം : കല്ലറ ഗ്രാമപഞ്ചായത്തിൽ തരിശു കിടന്ന 39 ഏക്കർ ഭൂമിയിൽ ഇനി നെല്ലുവിളയും. വടക്കേ കാളകെട്ടി, ജോണി ബ്ലോക്ക് ഫോർ ബി പാടശേഖരങ്ങളാണ് വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷിയോഗ്യമാക്കിയത്.
ഉടമസ്ഥർ വിദേശത്തായതിനാൽ 36 വർഷമായി തരിശുകിടക്കുകയായിരുന്നു 26 ഏക്കറുള്ള വടക്കേ കാളകെട്ടി പാടശേഖരം. നാലു കുടുംബശ്രീ യൂണിറ്റുകളിലെ 20 വനിത കർഷകർ ഏഴു മാസം അദ്ധ്വാനിച്ചാണ് ഇവിടം കൃഷിയോഗ്യമാക്കിയത്. ഈ മാസം ഇവിടെ ഉമ ഇനത്തിൽപ്പെട്ട നെൽവിത്ത് വിതയ്ക്കും. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സ്ത്രീകൾതന്നെയാണ് നടത്തുന്നത്.
ഹരിതകേരളം മിഷനു കീഴിൽ തരിശുരഹിത കല്ലറ എന്ന പദ്ധതിയുടെ ഭാഗമായി ജോണി ബ്ലോക്ക് ഫോർ ബിയിലെ 13 ഏക്കറിൽ 15 വനിതകൾ ചേർന്ന് കൃഷി ഇറക്കി. 16 വർഷമായി തരിശു കിടക്കുകയായിരുന്നു. ഇവിടെ പതിനഞ്ചു ദിവസം മുമ്പ് ഉമ ഇനത്തിൽപെട്ട വിത്തുവിതച്ചു.
കല്ലറ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് കൃഷയിറക്കിയത്. ഒരേക്കർ തരിശുനിലം കൃഷിയോഗ്യമാക്കുന്നതിന് 12000 രൂപയാണ് സർക്കാർ നൽകിയത്.