വൈക്കം: മണ്ഡല-മകരവിളക്ക് കാലം ആരംഭിച്ചിട്ടും വൈക്കം മഹാദേവ ക്ഷേത്രത്തെ ശബരിമല ഇടത്താവളമായി പ്രഖ്യാപിക്കുവാൻ നടപടിയായില്ല.
നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഇടത്താവളമാണ് വൈക്കം മഹാദേവക്ഷേത്രം. എന്നാൽ സർക്കാരിന്റെ ഇടത്താവള പട്ടികയിൽ വൈക്കം ക്ഷേത്രം ഉൾപ്പെട്ടിട്ടില്ല. വൈക്കത്തഷ്ടമിക്ക് മുൻപായി വിളിച്ചു ചേർത്ത യോഗത്തിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിന്റെ പട്ടികയിൽ വൈക്കം മഹാദേവക്ഷേത്രത്തെ ശബരിമല ഇടത്താവളമായി ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. വൈക്കം നഗരസഭയും വൈക്കം ക്ഷേത്രത്തെ ഇടത്താവളമാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നതാണ്.
മുൻ വർഷത്തെ അപേക്ഷിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തിൽ അയ്യപ്പ ഭക്തരുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇവർക്ക് വേണ്ട സൗകര്യങ്ങൾ പരിമിതമാണ്. ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിലും കിഴക്കേ നടയിലെ ദളവാകുളം ബസ് ടെർമിനലിനുമാണ് അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ കൂടുതലായും പാർക്കു ചെയ്തു വരുന്നത്. ഇവിടങ്ങളിൽ ഇവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടത്ര സൗകര്യമില്ല. മഹാദേവ ക്ഷേത്രത്തിന് കിഴക്കേ നടയിൽ ഉണ്ടായിരുന്ന നഗരസഭയുടെ കംഫർട്ട് സ്റ്റേഷനും ദേവസ്വത്തിന്റെ ടോയ്‌ലറ്റും പൂട്ടിയിട്ട് മാസങ്ങളായി. വൈക്കത്തഷ്ടമി ഉത്സവ വേളയിൽ താത്കാലികമായി സ്ഥാപിച്ച ഇ-ടോയ് ലറ്റും അഷ്ടമി കഴിഞ്ഞതോടെ ഇല്ലാതായി. വടക്കേ നടയിലെ കംഫർട്ട് സ്റ്റേഷന്റെ സെപ്ടിക് ടാങ്ക് ചെറുതായതിനാൽ നിരന്തരം മാലിന്യം നീക്കം ചെയ്യേണ്ട സ്ഥിതിയിലാണെന്നും പറയുന്നു.