വൈക്കം: പുതിയ നിരവധി ദീർഘദൂര സർവീസുകൾ തുടങ്ങി ഓളപ്പപരപ്പിലെ സഞ്ചാരം വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് ജലഗതാഗത വകുപ്പ്. ഇതിന്റെ വിളംബരമായി ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ വൈക്കം എറണാകുളം അതിവേഗ ബോട്ട് സർവ്വീസ് 'വേഗ'യുടെ ഓട്ടം നിലച്ചിട്ട് ഒന്നരമാസമാകുന്നു.
കഴിഞ്ഞ വർഷം നവംബർ നാലിനാണ് വേഗ സർവീസ് തുടങ്ങിയത്. ഒക്ടോബർ 21 ന് സർവീസ് നിർത്തിവെച്ച് വാർഷിക അറ്റകൂറ്റപണിക്കെന്നും പറഞ്ഞ് യാർഡിൽ കയറ്റിയതാണ് ബോട്ട്. 15 ദിവസത്തിനകം സർവീസ് പുനരാരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അറ്റകൂറ്റപണിക്ക് ശേഷം തിരികെ എത്തിച്ച ബോട്ട് ഒരു ദിവസം മാത്രമാണ് സർവീസ് നടത്തിയത്. തകരാറിനെ തുടർന്ന് സർവീസ് നിറുത്തേണ്ടി വന്നു. പൂനെയിൽ നിന്ന് സ്‌പെയർപാർട്ട്‌സ് എത്തിയാൽ ഉടൻ തകരാർ പരിഹരിക്കാൻ കഴിയുമെന്നാണ് ജലഗതാഗത വകുപ്പ് അധികൃതർ പറയുന്നത്. ബോട്ട് നിർമ്മിച്ച കമ്പനിയാണ് അറ്റകൂറ്റപണികൾ നടത്തേണ്ടത്. വേഗ സർവീസ് തുടങ്ങിയപ്പോൾ മുതൽ തന്നെ എൻജിന്റേതടക്കമുള്ള പ്രവർത്തനം കുറ്റമറ്റതല്ലെന്ന് ആക്ഷേപമുയർന്നിരുന്നു. അതിവേഗ എ സി ബോട്ടായ വേഗയ്ക്ക് രണ്ട് എഞ്ചിനാണുള്ളത്. വൈക്കത്തു നിന്നും എറണാകുളത്തേക്ക് പോകുന്നസ്ഥിരം യാത്രക്കാർക്ക് പുറമേ വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് സർവീസ് തുടങ്ങിയത്. നൂറോളം പേർക്ക് യാത്ര ചെയ്യാം. വൈക്കത്ത് നിന്നും രാവിലെ 7.30 സർവീസ് ആരംഭിക്കും. 9.15 ന് എറണാകുളത്ത് എത്തും. പിന്നീട് എറണാകുളത്ത് തന്നെ സർവീസ് നടത്തും. വൈകിട്ട് 5.30 ന് തിരികെ എറണാകുളത്ത് നിന്നും പുറപ്പെട്ട് 7.30 ഓടുകൂടി വൈക്കത്ത് എത്തിച്ചേരും.
സമരം നടത്തി
ഒന്നരമാസമായി സർവീസ് നിറുത്തിവച്ചിരിക്കുന്ന വൈക്കം-എറണാകുളം അതിവേഗ എ. സി. ബോട്ട് സർവീസ് പുനരാരംഭിക്കണമെന്നും ബോട്ട് കേടായി സർവ്വീസ് നിലയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലഗതാഗത വകുപ്പ് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിനു മുന്നിൽ സമരം നടത്തി.
പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. അഡ്വ. എ. സനീഷ് കുമാർ, ഇടവട്ടം ജയകുമാർ, എം. ടി. അനിൽകുമാർ, പി. ടി. സുഭാഷ്, സോണി സണ്ണി, ശ്രീരാജ് ഇരുമ്പയപ്പള്ളി, വൈക്കം ജയൻ, കെ. കൃഷ്ണൻകുട്ടി, ഷാനവാസ്, വർഗ്ഗീസ് പുത്തൻചിറ, സണ്ണി മാന്നംങ്കേരിൽ, ബിനോയ്, സത്യജിത്ത് എന്നിവർ പ്രസംഗിച്ചു.