പൊൻകുന്നം: ഹെൽമെറ്റ് ധാരികളായ ഇരുചക്രവാഹന യാത്രക്കാർക്ക് അനുമോദനവുമായി പൊൻകുന്നം പൊലീസ്. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതിന്റെ ബോധവത്കരണവുമായാണ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. രണ്ടാളുകളും ഹെൽമെറ്റ് ധരിച്ചാണ് യാത്ര ചെയ്യുന്നതെങ്കിൽ മിഠായി നൽകിയും ഹെൽമെറ്റ് ധരിക്കാതെയെത്തുന്നവർക്ക് ഹെൽമെറ്റിന്റെ പ്രാധാന്യം പറഞ്ഞ് മനസിലാക്കിയുമാണ് ബോധവത്കരണം. 'നാം രണ്ട് നമുക്ക് രണ്ട്' എന്ന ആശയം വരുന്ന ലഘുലേഖയും വിതരണം ചെയ്യുന്നുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറാണ് ബോധവത്കരണത്തിന്റെ ഭാഗമായ ചെലവുകൾ സ്വയം ഏറ്റെടുത്തത്. ഡിവൈ.എസ്.പയെ കൂടാതെ ഹൈവേ എസ്.ഐ ഉണ്ണികൃഷ്ണൻ നായർ,എസ്.ഐ.മാരായപി.എൻ. പ്രദീപ്, എം.ആർ.രാജു, പി.ആർ.ഒ പി.എച്ച്.ഹാഷിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.