കോട്ടയം: പുതുപ്പള്ളിക്ക് ക്രിസ്തുമസ് സമ്മാനമായി കിഴക്കുംപുറം പാടശേഖരത്തിൽ കൃഷിയിറക്കുന്നു. ഉമ്മൻചാണ്ടിയുടേതടക്കമുള്ള 130 ഏക്കർ ഇരവിനല്ലൂർ കിഴക്കുംപുറം പാടശേഖരം 20 വർഷത്തിന് ശേഷമാണ് മീനച്ചിലാർ - മീനന്തറയാർ - കൊടുരാർ പുനർ സംയോജന പദ്ധതിയിലൂടെ കതിരണിയാനൊരുങ്ങുന്നു. പുതുപ്പള്ളിയിലെ യാക്കോബായ ഓർത്തഡോക്‌സ് പള്ളികളുടെ മുൻവശത്താണ് പാടശേഖരം.നാളെ വിതയ്ക്കാൻ കഴിയുന്ന തരത്തിൽ നാല് ഹിറ്റാച്ചി യന്ത്രങ്ങളുപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്. നിലം ഒരുക്കൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ.കെ.അനിൽ കുമാർ നിർവഹിച്ചു. കൃഷി വകുപ്പ് അസി.എഞ്ചിനീയർ മുഹമ്മദ് ഷെരീഫ്, മുൻ പഞ്ചായത്തംഗം ജോയി ചീരംകണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.