കോട്ടയം: തൃശൂർ പൊലീസ് അക്കാദമിയിലെ എസ്.ഐ സി.കെ.അനിൽകുമാറിനെ കട്ടപ്പനയ്ക്കുസമീപം വാരവഴയിലെ വീടിനടുത്തുള്ള കാട്ടിലെ പാറപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹപ്രവർത്തകരെ പ്രതിക്കൂട്ടിലാക്കി ആത്മഹത്യാകുറിപ്പ്. എ.എസ്.ഐക്കും മറ്റ് ചില പൊലീസുകാർക്കുമെതിരായാണ് ആത്മഹത്യാ കുറിപ്പിൽ ആരോപണമുള്ളത്. മൃതദേഹത്തിന് സമീപത്തുനിന്നാണ് ആത്മഹത്യാ കുറുപ്പ് കണ്ടെടുത്തത്. ജോലി സമ്മർദ്ദം ഉണ്ടായിരുന്നതായി അനിൽ പറയാറുണ്ടെന്നും അമ്മയ്ക്ക് അസുഖം രൂക്ഷമായപ്പോൾ പോലും അമ്മയെ കാണാനായി അവധി ചോദിച്ചിട്ട് നല്കിയില്ലായെന്നും സഹോദരൻ സുരേഷ് കുമാർ പറഞ്ഞു. സഹപ്രവർത്തകർ കാരണം കാന്റീൻ നടത്തിപ്പിൽ വൻ നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്കുമെന്നും സഹോദരൻ വ്യക്തമാക്കി. തൃശൂർ പൊലീസ് അക്കാഡമിയിലെ ഒരു എ.എസ്.ഐ മാനസികമായി തന്നെ തളർത്തിയെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. അക്കാഡമിയിൽ തന്നെ തുടർച്ചയായി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പൊലീസ് കാന്റീന്റെ ചുമതല തനിക്കായിരുന്നുവെന്നും സഹപ്രവർത്തകരുടെ അനാവശ്യമായ ഇടപെടൽ കാരണം വൻ നഷ്ടമാണ് ഉണ്ടായതെന്നും ആത്മഹത്യാകുറിപ്പിലുണ്ട്. ഭൂമി കച്ചവടത്തിൽ എ.എസ്.ഐ നടത്തിയ സാമ്പത്തിക തിരിമറികൾ അന്വേഷിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് എസ്.ഐയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പിയും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചത്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊടുത്തുവെങ്കിലും അവർ കേസ് ഏറ്റെടുത്തിട്ടില്ല. അതേസമയം, എസ്.ഐയുടെ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും.