കോട്ടയം: ചിക്കനായാലും ബീഫായാലും ഫ്രൈയ്ക്ക് മുകളിൽ നിറച്ചിരുന്ന സവാള കാണണമെങ്കിൽ ലെൻസ് വച്ചുനോക്കണം. ബിരിയാണിക്കൊപ്പമുള്ള സലാഡിൽ തൈരും കുക്കുംബറും വെള്ളരിയും മാത്രം. ചിക്കൻ റോസ്റ്റിലും പഫ്‌സിലുമെല്ലാം ഉള്ളിയെക്കാൾ ലാഭം ചിക്കനാണെന്ന് പറയുന്നത് ‌വെറും തമാശയല്ല. ഊത്തപ്പവും ഉള്ളിവടയും ഹോട്ടലുകളിൽ നിന്ന് മറഞ്ഞു. ഓംലറ്റിൽ സവാളയ്ക്ക് പകരം കാബേജ്. സവാള വില 150 കടക്കുമ്പോൾ ജില്ലയിലെ ഹോട്ടൽക്കാഴ്ചകൾ ഇങ്ങനെയാണ്.

കഴിഞ്ഞ ദിവസം സവാളയ്ക്ക് വിലകുറച്ച് വിറ്റ് ചങ്ങനാശേരിയിലെ ഒരു സൂപ്പർ മാർക്കറ്റ് പണിമേടിച്ചു. കിലോയ്ക്ക് 89 രൂപയെന്ന ഓഫറിലാണ് കുരുശുംമ്മൂട്ടിലെ സൂപ്പർമാർക്കറ്റ് സവാള വിൽപ്പനയ്ക്ക് വച്ചത്. സവാള വാങ്ങിക്കാൻ വരുന്നവർ മറ്റ് സാധനങ്ങളും വാങ്ങിക്കുമ്പോൾ നഷ്ടം നികത്താമെന്ന ബുദ്ധിപരമായ നീക്കമായിരുന്നെിലും സംഗതി പാളി. വന്നവർ കിലോക്കണക്കിന് സവാളയും വാങ്ങിപ്പോയി. ഒടുവിൽ എട്ടുമണിക്ക് ഷോപ്പടയ്ക്കേണ്ടി വന്നു.

പൂനെ സവാള: മൊത്തവില 145, ചില്ലറ വില 165

ഹൂഗ്ലി സവാള: മൊത്തവില135 , ചില്ലറ വില 150

മഹാരാഷ്ട്രയിൽ വിളവെടുപ്പിന് ഒരാഴ്ച കൂടി കഴിയണം

ഡിമാൻഡ് പരിഗണിച്ച് പിഞ്ചു സവാളവരെ വിൽക്കുന്നു

സവാള വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവ്

കരിഞ്ചന്ത തടയാനായി വകുപ്പുകളുടെ പരിശോധന

പച്ചക്കറിക്കടകളിലും വില വിവരപ്പട്ടിക നിർബന്ധമാക്കി

400 ചാക്കുള്ള ഒരു ലോഡ് സവാളയ്ക്ക് 28 ലക്ഷം രൂപവേണം.വണ്ടിക്കൂലിയും ചുമട്ട് കൂലിയും വേറെ. 50 കിലോയുടെ ചാക്കിൽ അഞ്ച് കിലോ കിളിർത്തും മറ്റും കേടാകും. നാളെ വിലകുറഞ്ഞാൽ അത് വലിയ നഷ്ടമാകുമെന്നതിനാൽ ഏറെ ലോഡ് എടുക്കാനും കഴിയില്ല.

- ഷിബു,​ വ്യാപാരി