രാമപുരം : കോൺഗ്രസും കേരള കോൺഗ്രസും ചേർന്ന് ഭരണം പങ്കിടുന്ന രാമപുരം ഗ്രാമപഞ്ചായത്തിൽ മുൻ ധാരണപ്രകാരം കാലാവധിക്ക് ശേഷം കേരള കോൺഗ്രസിന്റെ ബൈജു ജോൺ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാത്തതിൽ കോൺഗ്രസിൽ അമർഷം പുകയുന്നു. ഇതിൽ പ്രതിഷേധം രേഖപ്പെടുത്താനായി ഇന്ന് വൈകിട്ട് 5 ന് കോൺഗ്രസ് രാമപുരം മണ്ഡലം പ്രവർത്തകയോഗം ചേരും. മരങ്ങാട് റോഡിലെ റോസറി ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ കോൺഗ്രസ് നേതാക്കളായ ജോസഫ് വാഴയ്ക്കൻ, ഡി.പ്രസാദ് , രാമപുരം പഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുക്കും. യു.ഡി. എഫിലെ മുൻ ധാരണപ്രകാരം നാലു മാസം മുമ്പ് ബൈജു ജോൺ പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടതായിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് ഈ വിഷയം കോൺഗ്രസ് പ്രവർത്തകർ ശക്തമായി ഉന്നയിച്ചപ്പോൾ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബൈജു പ്രസിഡന്റ് പദവി രാജിവയ്ക്കുമെന്ന് കോൺഗ്രസിലെയും കേരള കോൺഗ്രസിലെയും നേതാക്കൾ പ്രവർത്തകർക്ക് ഉറപ്പു കൊടുത്തിരുന്നു. എന്നാൽ കോൺഗ്രസിലെ മുഴുവൻ മെമ്പർമാർക്കും പണം കൊടുത്തിട്ടാണ് കേരള കോൺഗ്രസംഗം പ്രസിഡന്റ് പദവിയിൽ തുടരുന്നതെന്ന് ചിലർ പ്രചരിപ്പിച്ചു. ഇതിനെതിരെ കോൺഗ്രസ് മെമ്പർമാർ മണ്ഡലം പ്രസിഡന്റിന് പരാതി നൽകിയെങ്കിലും ഒന്നര മാസമായിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
ഇന്ന് വിളിച്ചു ചേർത്തിരിക്കുന്ന കോൺഗ്രസ് പ്രവർത്തക യോഗത്തിൽ ഈ വിഷയം ഉന്നയിക്കും.
പിന്തുണ പിൻവലിക്കാനും കരാർ പാലിക്കാത്തതിനാൽ പഞ്ചായത്തിൽ കേരള കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കാനുമുള്ള ആലോചനയിലാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ. ജോസ് പക്ഷത്തെ പ്രമുഖ നേതാവാണ് ബൈജു. അടുത്തിടെ രാമപുരം പഞ്ചായത്തിൽ നിന്ന് വലിയൊരു വിഭാഗം കേരള കോൺഗ്രസ് പ്രവർത്തകർ ജോസഫ് ഗ്രൂപ്പിൽ ചേർന്നിരുന്നു. പി.ജെ. ജോസഫ് പങ്കെടുത്ത വിപുലമായ സമ്മേളനവും രാമപുരത്ത് നടന്നു.