രാമപുരം : പാലാ - തൊടുപുഴ - പൊൻകുന്നം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കോടികൾ മുടക്കി സ്ഥാപിച്ച സോളാർ ലൈറ്റുകൾ തെളിയാത്തത് വാഹനയാത്രക്കാരെ ദുരിതത്തിലാക്കുന്നു. പത്തുകോടി രൂപയോളം ചെലവിട്ടാണ് കെ.എസ്.ടി.പി സോളാർ ലൈറ്റുകൾ 40 മീറ്റർ ഇടവിട്ട് റോഡിൽ സ്ഥാപിച്ചത്. റോഡ് നിർമ്മാണം പൂർത്തിയായപ്പോൾ സോളാർ ലൈറ്റുകൾ റോഡിനെ പകൽ പോലെ പ്രകാശപൂരിതമാക്കിയിരുന്നു.
എന്നാൽ ഒരു വർഷം കഴിഞ്ഞതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്താതിനാൽ ചില ലൈറ്റുകൾ അർദ്ധരാത്രിയാകുമ്പോൾ കെട്ടുപോകുന്ന സ്ഥിതിയായി. പിന്നീട് ഓരോ ദിവസം കഴിയുന്തോറും കേടാകുന്നതിന്റെ എണ്ണം കൂടിവന്നു. കൂടാതെ സോളാർ തൂണുകൾ പലതും വാഹനങ്ങളിടിച്ച് തകർന്ന നിലയിലാണ്. വാഹന ഉടമകളിൽ നിന്നു നഷ്ടപരിഹാരം ഈടാക്കുന്നുണ്ടെങ്കിലും മൂന്ന് വർഷത്തിനിടയിൽ ഒന്ന് പോലും പുന:സ്ഥാപിച്ചില്ല. തകർന്നു പോയവ ഒന്നിച്ച് ടെൻഡർ ചെയ്ത് സ്ഥാപിക്കും എന്നാണ് കെ.എസ്.ടി.പി പറയുന്നത്.
തകർന്നത് നൂറോളം ലൈറ്റുകൾ
വാഹനങ്ങൾ ഇടിച്ച് തകർത്ത നൂറോളം സോളാർ ലൈറ്റുകളാണ് അപകടമാരമായ സാഹചര്യത്തിൽ റോഡിന്റെ വശങ്ങളിൽ കിടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലുണ്ടായ അപകടങ്ങളിൽ 30 ഓളം ജീവനുകളാണ് പൊലിഞ്ഞത്. സ്പീഡ് നിയന്ത്രിക്കാനായി പല സ്ഥലത്തും കാമറകൾ സ്ഥാപിക്കാനുള്ള നടപടികളും ഇഴയുകയാണ്. പല പഞ്ചായത്തുകളും സോളാർ ലൈറ്റ് വന്നതോടെ ഈ റൂട്ടുകളിലുള്ള സ്ട്രീറ്റ് ലൈറ്റുകൾ ഒഴിവാക്കി. ചുരുക്കത്തിൽ രണ്ടുമില്ലാതായതോടെ റോഡ് ഇരുട്ടിൽ മുങ്ങിയിരിക്കുകയാണ്. ഇത് അപകടങ്ങൾക്കിടയാക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
കടനാട് പഞ്ചായത്ത് നിരവധി പരാതികൾ നൽകിയെങ്കിലും ഇതുവരെ ഫലപ്രദമായ നടപടികൾ കെ.എസ്.ടി.പി സ്വീകരിച്ചിട്ടില്ല. ഇക്കാര്യം കാണിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നിവേദനം നൽകിയിട്ടുണ്ട്.
ഷിലു കൊടൂർ, പഞ്ചായത്ത് വികസനകാര്യ
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
സോളാർ ലൈറ്റുകൾക്കായി ചെലവഴിച്ചത് : 10 കോടി