കുറവിലങ്ങാട് : സാക്ഷരതാ പ്രേരക്മാർക്ക് സർക്കാർ ഉത്തരവനുസരിച്ചുള്ള മുഴുവൻ വേതനവും എത്രയും വേഗം നൽകണമെന്നും പ്രേരക്മാരെ സ്ഥിരപ്പെടുത്തണമെന്നും സി.ഐ.ടി.യു ജില്ലാകമ്മിറ്റിയംഗം ടി.എസ്.എൻ ഇളയത് ആവശ്യപ്പെട്ടു. കെ.എസ്.പി.എ യുടെ നേതൃത്വത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ ഓഫീസിന് മുന്നിൽ പ്രേരക്മാർ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ ബ്ലോക്കുകളിലെ പ്രേരക്മാർ കുറവിലങ്ങാട് മിനി സിവിൽസ്റ്റേഷനു മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈക്കം, കടുത്തുരുത്തി, ളാലം, ഉഴവൂർ ബ്ലോക്കുകളിലെ പ്രേരക്മാർ പങ്കെടുത്തു. സമരസമിതി ചെയർമാൻ യു.ഡി. മത്തായി അദ്ധ്യക്ഷത വഹിച്ചു. ഫാം വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. സദാനന്ദശങ്കർ, എൻ.സി.പി ജില്ലാ പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷൻ, സി.പി.ഐ കടുത്തുരുത്തി മണ്ഡലം സെക്രട്ടറി എൻ.എം. മോഹനൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് ബിനു നീറോസ്, ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പാർലമെന്ററി ബോർഡ് മെമ്പർ പി.ഒ വർക്കി, സംഘടനാ നേതാക്കളായ ഉഷ ഗോപാലകൃഷ്ണൻ, ജോൺസൺ റ്റി. എം. , ബീന കെ.പി, സാബു കല്ലറ, ഓമന സുധൻ, കൺവീനർ കെ. എ സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.