വൈക്കം: നാരായണീയ പാരായണം ഈശ്വരഭക്തിയാണെന്നും ഭാഗവതത്തിലെ പതിനെണ്ണായിരം ശ്ലോകങ്ങളാണ് നാരായണീയ പാരായണത്തിലൂടെ പ്രതിപാദിക്കുന്നതെന്നും മള്ളിയൂർ ശ്രീശിവൻ നമ്പൂതിരി പറഞ്ഞു. ഭാഗവത സത്രം വിജയകരമാകാൻ എല്ലാവരുടെയും പ്രാർത്ഥനയും കൂട്ടായ്മയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 12 ന് തുടങ്ങുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ മുന്നോടിയായി തുടങ്ങിയ നാരായണീയ പാരായണത്തിന്റെ നൂറാം ദിവസം പാരായണം നടത്തിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറാം ദിവസമായ വ്യാഴാഴ്ച ചെമ്മനത്ത് ശ്രീകൃഷ്ണ നാരായണീയ പാരായണ സമിതിയാണ് പാരായണം നടത്തിയത്. വർക്കിംഗ് ചെയർമാൻ ബി.അനിൽകുമാർ, ചീഫ് കോ-ഓർഡിനേറ്റർ പി.വി.ബിനേഷ്, ജനറൽ കൺവീനർ രാഗേഷ് ടി.നായർ, ബീന അനിൽകുമാർ, മായാരാജേന്ദ്രൻ, സുലോചന കണ്ണാട്ട്, പി. ആർ. ബിജി, മഹിളാമണി, വി. വേലായുധൻ, കൃഷ്ണമ്മ, എം. ഗോപാലകൃഷ്ണൻ, രവി തലമുടിത്തറ, രാജേന്ദ്രൻ തെക്കിനേൻ എന്നിവർ പങ്കെടുത്തു.
12 മുതൽ 22 വരെയാണ് ഭാഗവത മഹാസത്രം. ക്ഷേത്രത്തിനോട് തൊട്ടുചേർന്നുള്ള സ്ഥലത്താണ് വിപുലമായ സൗകര്യത്തോടെയുള്ള പന്തൽ നിർമ്മിക്കുന്നത്. നിർമ്മാണ ജോലികൾ പുരോഗമിക്കുന്നു. വിവിധ ദേശങ്ങളിൽ നിന്നും തീർത്ഥാടകരായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാനും ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.