കോട്ടയം: സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്‌സ് സഭ പ്രക്ഷോഭവുമായി തെരുവിലേയ്ക്ക്. കോതമംഗലം മാർത്തോമൻ ചെറിയപ്പള്ളി, വെട്ടിത്തര സെന്റ് മേരീസ് പള്ളി സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാൻ സർക്കാർ പ്രവർത്തിക്കുന്നതായി ആരോപിച്ച് കൊല്ലം, തിരുവനന്തപുരം, കൊട്ടാരക്കര, പുനലൂർ, അടൂർ, കടമ്പനാട്, മാവേലിക്കര, ചെങ്ങന്നൂർ ഭദ്രാസനങ്ങളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. കൊട്ടരക്കരയിൽ എട്ടിന് ഉച്ചക്കഴിഞ്ഞ് രണ്ടിന് പ്രതിഷേധ റാലിയും സംഗമം നടത്തുമെന്ന് സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ സംഗമം ഉദ്ഘാടനം ചെയ്യും. ക്രൈസ്തവ സഭകൾ മുന്നോട്ടുവെച്ച സമവായ നീക്കത്തെ ഓർഡോക്‌സ് സഭ തള്ളിയിരുന്നു. സുപ്രീംകോടതി വിധി ആദ്യം നടപ്പാക്കുക. ശേഷം സമവായത്തിന് ശ്രമിക്കാമെന്ന നിലപാടിലാണ് ഓർഡോക്‌സ് വിഭാഗം. ജനറൽ കൺവീനർ ഫാ. സി.ഡി രാജൻ നല്ലിലയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.