കോട്ടയം: യു.ഡി.എഫ് ധാരണ ലംഘിച്ച് ചങ്ങനാശേരി നഗരസഭ ചെയർമാൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളിൽ തുടരുന്ന ജോസ് വിഭാഗം നേതാക്കൾക്കെതിരെ അവിശ്വാസപ്രമേയത്തിന് നീക്കവുമായി ജോസഫ് വിഭാഗം രംഗത്ത്.
ഇന്നലെ കോട്ടയം ഡി.സി.സിയിൽ നടന്ന ജില്ലാ യു.ഡി.എഫ് യോഗത്തിലും മുൻധാരണ അംഗീകരിച്ച് ഭാരവാഹിത്വം രാജിവയ്ക്കാൻ ജോസ് വിഭാഗം തയ്യാറാകാത്തതിനെ തുടർന്നാണ് ചങ്ങനാശേരിയിലും കാഞ്ഞിരപ്പള്ളിയിലും ജോസ് വിഭാഗത്തിനെതിരെ അവിശ്വാസ പ്രമേയം നൽകുന്നതെന്ന് ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ അറിയിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ 12ന് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോട്ടയത്ത് കളക്ടറേറ്റ് മാർച്ച് വിജയിപ്പിക്കുന്നത് ചർച്ച ചെയ്യാനായിരുന്നു ഇന്നലെ ഡി.സി.സി ഓഫീസിൽ യു.ഡിഎഫ് ജില്ലാ യോഗം ചേർന്നത്. ജോസ് വിഭാഗം യു.ഡിഎഫ് ധാരണ ലംഘിച്ച പ്രശ്നം ജോസഫ് വിഭാഗം എടുത്തിട്ടതോടെ ജോസ് വിഭാഗം രംഗത്തുവന്നു. ഇതോടെ ബഹളമായി. യു.ഡി.എഫ് സംസ്ഥാന നേതാക്കൾ ചേർന്നുണ്ടാക്കിയ ധാരണ അനുസരിച്ചായതിനാൽ സംസ്ഥാന തലത്തിൽ തീരുമാനിക്കട്ടെയെന്ന് കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവർ നിർദ്ദേശിച്ച് പ്രശ്നത്തിൽ നിന്ന് തലയൂരുകയായിരുന്നു.
അകലക്കുന്നം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്ന തങ്ങൾക്ക് യു.ഡി.എഫ് പിന്തുണ നൽകണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും മാണി വിഭാഗം എതിർത്തു. ഇതേ ചൊല്ലി ബഹളം ഉണ്ടാതോടെ ആരെ പിന്തുണക്കണമെന്ന കാര്യം യു.ഡി.എഫ് സംസ്ഥാന സമിതിക്കു വിടുകയായിരുന്നു.
ചങ്ങനാശേരി നഗരസഭാ ചെയർമാൻ സ്ഥാനവും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കാൻ ജോസ് കെ.മാണി നിർദ്ദേശിച്ചിട്ടും പ്രാദേശിക നേതാക്കൾ സമ്മതിക്കുന്നില്ലെന്നായിരുന്നു ജോസ് വിഭാഗത്തിന്റ ന്യായംപറച്ചിൽ . രാമപുരം, കരൂർ എന്നിവിടങ്ങളിലും ജോസ് വിഭാഗം യു.ഡി.എഫ് ധാരണ ലംഘിച്ച് ഭരണത്തിൽ തുടരുകയാണെന്നും ജോസഫ് വിഭാഗം ആരോപിച്ചു. അവസാന ആറ് മാസക്കാലം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തങ്ങൾക്കൊപ്പമുള്ള അജിത് കുതിരമലയ്ക്കു നൽകാമെന്ന യു.ഡി.എഫ് ധാരണയും ജോസ് വിഭാഗം ലംഘിക്കുമെന്ന് എൻ.ജയരാജ് എം.എൽ.എ പ്രഖ്യാപിച്ച സാഹചര്യത്തിൽ അക്കാര്യത്തിലും തീരുമാനമുണ്ടാകണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോഷി ഫിലിപ്പ് ,ഫിലിപ്പ് ജോസഫ് , ജോസി സെബാസ്റ്റ്യൻ
മോൻസ് ജോസഫ് എം.എൽ.എ,ജോയ് എബ്രഹാം, സജി മഞ്ഞകടമ്പൻ, സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം തുടങ്ങിയവരും സംബന്ധിച്ചു.
യു. ഡി.എഫ് യോഗത്തിൽ കൊമ്പ് കോർത്ത് കേരളാകോൺഗ്രസുകൾ
അകലക്കുന്നത്തെ പിന്തുണക്കാര്യം യു.ഡി.എഫ് സംസ്ഥാന സമിതിക്ക്
പ്രാദേശിക നേതാക്കൾ രാജിക്ക് സമ്മതിക്കുന്നില്ലെന്ന് ജോസ് വിഭാഗം