k-raju-minister

അടിമാലി: അടുത്ത ഫെബ്രുവരി മാസത്തിന് മുമ്പായി പാൽ ഉത്പാദനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ക്ഷീര വികസന മന്ത്രി കെ രാജു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ക്ഷീര വികസന സംഗമത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ക്ഷീരമേഖലയുടെ വളർച്ചക്കായി വിവിധ പദ്ധതികൾ ആവീഷ്‌ക്കരിച്ച് വരികയാണെന്നും കേരളത്തിൽഎട്ട് ലക്ഷം കുടുംബങ്ങൾ ക്ഷീരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഉപജീവനമാർഗ്ഗത്തിന് വേണ്ടിയാണ് ആളുകൾ ക്ഷീരമേഖലയെ ആശ്രയിക്കുന്നത്.

ക്ഷീരമേഖല ഇപ്പോഴും വിവിധ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്നും ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമം നടത്തി വരികയാണെന്നും സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി എംഎം മണി പറഞ്ഞു.രണ്ട് ദിവസങ്ങളിലായിട്ടായിരുന്നു പണിക്കൻകുടിയിൽ ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ മൃഗസംരക്ഷണ വകുപ്പ്, കേരളാ ഫീഡ്‌സ്, ജില്ലാ സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ക്ഷീരകർഷക സംഗമം നടന്ന് വന്നിരുന്നത്.കന്നുകാലി പ്രദർശനം,ക്ഷീര കർഷകരെ ആദരിക്കൽ,ഡയറി എക്‌സിബിഷൻ,ശിൽപ്പശാലകൾ എന്നിവ സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഇ എസ് ബിജിമോൾ,ക്ഷീര വികസന വകുപ്പ് ഡയറക്ടർ എസ് ശ്രീകുമാർ, മിൽമ ചെയർമാൻ ജോൺ തെരുവത്ത്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രോസ്യാ പൗലോസ്,സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വിവിധ ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.സമ്മേളനത്തിൽ വിവിധ പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു.