പൊൻകുന്നം : അനധികൃത പാർക്കിംഗും ബസുകൾ തോന്നുംപടി നിറുത്തുന്നതും പൊൻകുന്നത്തെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. മണ്ഡലകാലമായതിനാൽ നൂറുകണക്കിന് തീർത്ഥാടക വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ഗതാഗതനിയന്ത്രണത്തിന് ആവശ്യത്തിന് പൊലീസില്ലാത്തതാണ് കുരുക്കിന് കാരണമെന്നാണ് ആക്ഷേപം. നോ പാർക്കിംഗ് ബോർഡുകൾക്ക് മുമ്പിൽ പോലും വാഹനങ്ങളുടെ പാർക്കിംഗ് പതിവു കാഴ്ചയാണ്. അവധിദിനങ്ങളിലും മറ്റും തീർത്ഥാടകരുടെ തിരക്കുമൂലം ഗതാഗത നിയന്ത്രണം താളംതെറ്റുകയാണ്. തീർത്ഥാടനകാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിന് എല്ലാ വർഷവും മുന്നൊരുക്കങ്ങൾ നടത്താറുണ്ടെങ്കിലും ഇത്തവണമൊന്നുമുണ്ടായില്ല.

അപകടങ്ങൽ നിത്യസംഭവമായതിനാൽ പാലാ-പൊൻകുന്നം റോഡിൽ കഴിഞ്ഞ വർഷം അപകടസാധ്യതയുള്ള ഭാഗങ്ങളിൽ സ്പീഡ് ബ്രേക്കർ ഉപയോഗിച്ച് വാഹനങ്ങളെ നിയന്ത്രിക്കുകയായിരുന്നു. ഇത്തവണ സ്പീഡ് ബ്രേക്കർ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ദേശീയപാതയും പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയും സംഗമിക്കുന്ന പി.പി.റോഡ് ജംഗ്ഷനിൽ അപകടകരമായി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചിറക്കടവ് പഞ്ചായത്ത് വൈദ്യുതി വകുപ്പിന് നോട്ടീസ് നൽകിയിട്ട് മാസങ്ങളായിട്ടും നടപടിയില്ല.

ഓടയുടെ സ്ലാബുകൾ നിരതെറ്റിക്കിടക്കുന്നു

ഓടകളിൽ കുന്നുകൂടി മാലിന്യം

മഴവന്നാൽ റോഡിൽ വെള്ളക്കെട്ട്

കാൽനടയാത്രക്കാരും ദുരിതത്തിൽ

വരുംദിവസങ്ങളിൽ അയ്യപ്പന്മാരുടെ തിരക്ക് വർദ്ധിക്കും. ഇത് മുൻകൂട്ടിക്കണ്ടുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം.

അയ്യപ്പസേവാസംഘം