കോട്ടയം: പതിനാറ് വർഷമായി കോട്ടയത്ത് താമസിച്ചിരുന്ന അമേരിക്കൻ പൗരൻ മരിച്ചതോടെ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇതോടെ സംസ്‌കരിക്കാൻ പൊലീസിന്റെ അനുമതി തേടിയിരിക്കുകയാണ് ബന്ധുക്കൾ. കോട്ടയം ലോഗോസ് ജംഗ്ഷനിലെ മൗണ്ട് ഫോർട്ട് താമസക്കാരനായിരുന്ന അമേരിക്കയിലെ ഓർഗോൺസിറ്റി സ്വദേശി ജയിംസ് ലീ മില്ലറാണ് (78) കഴിഞ്ഞ ദിവസം മരിച്ചത്. കേരളം ഇഷ്ടപ്പെട്ട് വിശ്രമജീവിതം ആസ്വദിക്കുന്നതിനിടെ 2003ൽ കോട്ടയത്ത് എത്തി. തിരുവല്ലയിലേതുൾപ്പെടെ വിവിധ ബൈബിൾ കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. ഒരു കെയർ ടേക്കർക്കൊപ്പമാണ് കോട്ടയത്ത് താമസിച്ചിരുന്നത്.
നേരത്തെ രോഗബാധയെത്തുടർന്ന് ഒരു വൃക്ക നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇതോടെ നടപടിക്രമങ്ങളുടെ നിര. അസ്വഭാവിക മരണത്തിന് ഈസ്റ്റ് പൊലീസ് കേസെടുത്ത് പോസ്റ്റ്‌മോർട്ടത്തിനും വിധേയമാക്കി. ഇതോടെ മൃതദേഹം കേരളത്തിൽ സംസ്‌കരിക്കാൻ പൊലീസിന്റെ അനുവാദം തേടുകയായിരുന്നു.. അടുത്തയാഴ്ച സഹോദരിയും ബന്ധുക്കളും നാട്ടിലെത്തിയ ശേഷം മൃതദേഹം കോട്ടയത്ത് സംസ്‌കരിക്കും.