കോട്ടയം: അയ്മനത്തെ പ്ലാസ്റ്റിക് മാലിന്യനിർമാർജനം വല്ലാത്ത പൊല്ലാപ്പായി. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന് നാഴികക്ക് നാൽപ്പതുവട്ടം ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന പഞ്ചായത്ത് അധികൃതർതന്നെ നിയമം ലംഘിച്ചാലോ..? അതാണ് അയ്മനത്ത് നടന്നത്.
പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽനിന്ന് ശേഖരിച്ച മാലിന്യം കുടയംപടിയിൽ റവന്യുപുറമ്പോക്കിലുള്ള പാറക്കുളത്തിലിട്ട് മൂടി. പഞ്ചായത്ത് അധികൃതരും ക്ലീൻ കേരളമിഷനും ഒരുപോലെ പ്രതികൂട്ടിലായ സംഭവത്തിൽ അഴിമതി ആരോപണവുമായി ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയും രംഗത്തുവന്നതോടെ സംഭവം വിവാദമായി. ക്ലീൻ കേരള മിഷന്റെ കീഴിലുള്ള ക്ലീൻകേരള കമ്പനി ഏറ്റെടുത്തുകൊള്ളാമെന്ന് പറഞ്ഞാണ് പഞ്ചായത്തിനെക്കൊണ്ട് നാട്ടിലെ പ്ലാസ്റ്റിക് പെറുക്കിച്ചത്. മുഴുവൻ വാർഡുകളിലേയും വീടുകൾ കയറിയിറങ്ങി പ്ലാസ്റ്റിക്കും മറ്റ് ഖരമാലിന്യങ്ങളും ശേഖരിച്ചുകഴിഞ്ഞപ്പോൾ ക്ലീൻകേരള കമ്പനി വാക്കുമാറ്റി. അതോടെ പഞ്ചായത്ത് അധികൃതർ വെട്ടിലായി. പിന്നെയുള്ള ഏക പോംവഴി കെട്ടുകണക്കിന് പ്ലാസ്റ്റിക്, ഫ്യൂസായ ബൾബ് എന്നിവ എവിടെയെങ്കിലും കൊണ്ടുപോയി തള്ളുക എന്നതുമാത്രമായി. അങ്ങനെയാണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമൊ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിക്കൊ കാത്തുനിൽക്കാതെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തുകൊണ്ടുപോയി തള്ളിയത്. ഇതിനെതിരെ സമീപവാസിയായ ഡോക്ടർ അധികൃതർക്ക് പരാതി നൽകി. സംഗതി കുഴപ്പമാകുമെന്ന് കണ്ടപ്പോൾ പഞ്ചായത്ത് കമ്മിറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്തി തീരുമാനം എടുക്കാനായി ഭരണകക്ഷിയുടെ നീക്കം. ബി.ജെ.പി അംഗങ്ങൾ ഇതിനെതിരെ വിയോജനക്കുറിപ്പ് എഴുതിയെങ്കിലും പൊതുസ്ഥലത്തെ പ്ലാസ്റ്റിക് നിർമാർജനം നിയമവിധേയമാക്കിക്കൊണ്ട് കമ്മിറ്റി തീരുമാനം എടുത്തു.
എന്നാൽ അതുകൊണ്ടും പ്രശ്നം തീർന്നില്ല. പ്ലാസ്റ്റിക് നിക്ഷേപിച്ച പാറക്കുളം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതല്ലെന്നായി അടുത്ത വിവാദം. അനധികൃതമായി മാലിന്യം തള്ളിയ സ്ഥലം റവന്യു പുറംപോക്കാണത്രേ. പഞ്ചായത്തിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ഒരാൾക്ക് ലഭിച്ച മറുപടിയിലാണ് സ്ഥലം പഞ്ചായത്തിന്റേതല്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കമ്മിറ്റി തീരുമാനം ഇല്ലാതെ ലക്ഷങ്ങൾ ചെലവഴിച്ച് സർക്കാർ പുറംപോക്കിൽ മാലിന്യം മണ്ണിട്ടുമൂടിയതിൽ ക്രമക്കേടും അഴിമതിയും ആരോപിച്ച് ബി.ജെ.പി സമരപ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
പാഴാക്കിയ ലക്ഷങ്ങൾ
പ്ളാസ്റ്റിക് ശേഖരിക്കാൻ ചെലവാക്കിയത് ₹ 1,64,850.00
പ്ലാസ്റ്റിക് നിർമാർജനത്തിന് ചെലവഴിച്ചത് ₹ 1,63,670.00
ആരോപണങ്ങൾ
1. പൊതുസ്ഥലത്ത് വൻതോതിൽ പ്ലാസ്റ്റിക് , ഇലക്ട്രോണിക്സ് മാലിന്യങ്ങൾ നിക്ഷേപിച്ചു
2. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം എടുക്കാതെ പണം ചെലവഴിച്ചു.
3.പതിനായിരം രൂപയിൽ കൂടുതൽതുക ചെലവഴിക്കണമെങ്കിൽ പദ്ധതിറിപ്പോർട്ട് വേണമെന്ന ചട്ടം ലംഘിച്ചു
4. മാലിന്യം നിക്ഷേപിച്ച കുളം മൂടുന്നതിന് ടെന്റർ/ ക്വട്ടേഷൻ ക്ഷണിച്ചില്ല.
5. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് വലിച്ചെറിയുകയൊ കത്തിക്കുകയൊ ചെയ്യരുതെന്ന നിയമം പഞ്ചായത്ത് തന്നെ ലംഘിച്ചു.