കോട്ടയം: ക്രിസ്മസിന് രണ്ടാഴ്ച മാത്രം ശേഷിക്കെ നഗരത്തിലും നാട്ടിൻപുറത്തും വിപണി സജീവമായി. നക്ഷത്രങ്ങളും പുൽക്കൂടും സാന്താക്ലോസും അടക്കമുള്ള സാധനങ്ങളുടെ വൻശേഖരം തന്നെയാണ് കടകളിൽ ഒരുക്കിയിരിക്കുന്നത്. ബലൂണുകളും അലങ്കാര വിളക്കുകളും ക്രിസ്മസ് ട്രീക്ക് ആവശ്യമുള്ള സാധനങ്ങളുമായി വഴിയോര കച്ചവടവും സജീവമാണ്. അതേസമയം സാധനങ്ങളുടെ വിലവർദ്ധനവ് തിരിച്ചടിയാകുമോ എന്ന ഭയവും വ്യാപാരികളെ അലട്ടുന്നുണ്ട്. സമീപകാലത്ത് സൂപ്പർ ഹിറ്റായ സിനിമകളുടെ പേരുകളിൽ തന്നെയാണ് ഇത്തവണയും നക്ഷത്രങ്ങൾ വിപണിയിൽ തിളങ്ങിനിൽക്കുന്നത്. പേപ്പർ നക്ഷത്രങ്ങൾക്കു പുറമേ ഇത്തവണ പ്ലാസ്റ്റിക്, ഫൈബർ നക്ഷത്രങ്ങളും കൂടുതലായി വിപണിയിൽ എത്തിയിട്ടുണ്ട്. ഇവയ്ക്കും ആവശ്യക്കാർ എത്തുന്നുണ്ട്. 185 രൂപ മുതൽ 450 രൂപ വരെയാണ് ഇത്തരം നക്ഷത്രങ്ങളുടെ വില. ഒന്നിലധികം വർഷങ്ങളിൽ ഇവ ഉപയോഗിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. എൽ.ഇ.ഡി നക്ഷത്രം ഇത്തവണയും വിപണിയിലെ ഹൈലൈറ്റാണ്. നക്ഷത്രങ്ങൾക്ക് ശോഭ കൂട്ടാൻ വിവിധ തരത്തിലുള്ള എൽ.ഇ.ഡി ലൈറ്റുകളും തയാറായി കഴിഞ്ഞു. വലുപ്പവും നിരകളുടെ എണ്ണവും അനുസരിച്ച് ഇതിന്റെ വിലയിലും വ്യത്യാസമുണ്ട്. 30 രൂപ മുതൽ 1000 രൂപ വിലയുള്ള എൽഇഡി ബൾബുകളും 15 രൂപവരെ വിലയുള്ള ചെറിയ നക്ഷത്രങ്ങളും വിപണിൽ സജീവമാണ്.
വിവിധതരം ട്രീകളും അലങ്കാരവസ്തുക്കളും ഇത്തവണയും വിപണിയിലെത്തിയിട്ടുണ്ട്. വലുപ്പം കുറഞ്ഞ പ്ലാസ്റ്റിക് ക്രിസ്മസ് ട്രീക്ക് 250 ഉം വലുപ്പം കൂടിയവയ്ക്കു 700 രൂപയ്ക്കു മുകളിലുമാണ് വില. സാന്താക്ലോസിന്റെ ചെറിയ രൂപത്തിന് 25 രൂപ മുതലാണ് വില. ട്രീയിൽ തൂക്കിയിടുന്ന വിവിധ നിറത്തിലുള്ള ബോളുകൾ 10 രൂപ മുതൽ ലഭിക്കും. പച്ച നിറത്തിലുള്ള ട്രീകൾക്ക് പകരം ഗോൾഡൻ, സിൽവർ, ചുവപ്പ് നിറങ്ങളിലുള്ള പ്ലാസ്റ്റിക് ട്രീകളും വിപണിലുണ്ട്. കൂടാതെ ഇലകളിൽ മഞ്ഞുതുള്ളികളുള്ള മിസ്റ്റ് ട്രീ, എൽ.ഇ.ഡി ലൈറ്റുളോടു കൂടിയ ട്രീകളും വിപണിയിൽ സുലഭമാണ്.
ഞങ്ങൾ സാധാരണക്കാർ
കാലം മാറിയപ്പോൾ കോലവും മാറി... ക്രിസ്മസ് വിപണിയുടെ കാര്യത്തിൽ ഈ വാക്കുകൾ ചേർന്ന് നിൽക്കും. എന്നാൽ ക്രിസ്മസ് കാർഡുകളെയെടുത്താൽ കാര്യം അൽപം വ്യത്യസ്തമാണ്. ഐടി യുഗമാണെങ്കിലും കാർഡ് രൂപത്തിൽ ആശംസകൾ അയയ്ക്കുന്നവരും കുറവല്ല. 1 രൂപ മുതൽ 200 രൂപ വരെയാണ് സാധാരണ കാർഡുകളുടെ വില. അതേസമയം വഴിയോര വിപണിയിൽ സാന്താക്ലോസിന്റെ മുഖംമൂടികൾ, തൊപ്പികൾ, ബലൂണുകൾ, ക്രിസ്മസ് ട്രീയിലെ അലങ്കാര വസ്തുക്കൾ എന്നിവയുടെ കച്ചവടമാണ് ഏറെയും നടക്കുന്നത്. സാധാരണക്കാർ ഏറെയും വഴിയോര വിപണിയേയാണ് ആശ്രയിക്കുന്നത്. വരുംദിവസങ്ങളിൽ വഴിയോര വിപണിയിൽ കച്ചവടം കൂടുതൽ ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.