കോട്ടയം: ആയിരക്കണക്കിന് യാത്രക്കാർ ദിവസവും വന്നുപോകുന്ന തിരുനക്കര ബസ്റ്റ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടം അതീവ ദുർബലാവസ്ഥയിലെന്ന് സാങ്കേതിക വിദഗ്ദ്ധർ കണ്ടെത്തിയിട്ടും ബലപ്പെടുത്തലെന്ന പേരിലുള്ള ഉടായിപ്പുമായി നഗരസഭ. നന്നായി മെയിന്റനൻസ് ചെയ്താൽ പോലും പത്ത് വർഷത്തിൽ കൂടുതൽ കെട്ടിടത്തിന് ആയുസില്ലെന്ന് തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗ്,​ സിവിൽ എൻജിനിയറിംഗ് വിഭാഗം എന്നിവ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. എന്നാൽ തറയോട് തിരത്തിയും പെയിന്റടിച്ചും കെട്ടിടം 'ബലപ്പെടുത്താൻ' അമ്പത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതേസമയം 85 ലക്ഷം രൂപമുടക്കി കെട്ടിടത്തിന് മുകളിൽ പണിത ഹാൾ ഉപയോഗിക്കാനും കഴിയില്ല.

ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടത്തിന്റെ അവസ്ഥ സംബന്ധിച്ച് നഗരസഭ ആവശ്യപ്പെട്ടതനുസരിച്ചാണ് വിദഗ്ദ്ധ സംഘം പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഒന്നാം നിലയിൽ ഭിത്തിയും ബീമും അടക്കമുള്ള ഭാഗത്ത് ആഴത്തിലുള്ള ക്ഷതങ്ങളും വിള്ളലുകളുമുണ്ട്. സ്ളാബുകളുടെ പലഭാഗത്തും കോൺക്രീറ്റ് അടർന്ന് മാറി കമ്പികൾ എഴുന്നു നിൽക്കുന്നുണ്ട്. വാതിലുകളും ജനാലുകളും തകർന്നിട്ടുണ്ടെന്നും കണ്ടെത്തി. മുകൾ നിലകളിലെ ഭാരം ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മൂന്ന് നിലകളിലായുള്ള കെട്ടിടം ബലപ്പെടുത്താൻ അനുവദിച്ചിരിക്കുന്നത് അമ്പത് ലക്ഷം രൂപ മാത്രമാണ്. നടകളിൽ ടൈൽ വിരിക്കലാണ് പ്രധാന പദ്ധതി. മെയിന്റനൻസിന്റെ പേരിൽ പണം പാഴാക്കാതെ പൊളിച്ച് ആധുനിക നിലവാരത്തിലുള്ള മറ്റൊരു കെട്ടിടം പണിത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.

മുകളിലെ ഹാളിന്

പാഴാക്കിയത്

85 ലക്ഷം

ഇപ്പോൾ

ചെലവിടുന്നത്

50 ലക്ഷം


ഇപ്പോൾ ചെയ്യുന്നത്

 കെട്ടിടത്തിലെ ചെടികൾ വെട്ടിമാറ്റും

 നടകളിൽ തറയോടുകൾ പാകും

 പുറംഭാഗം മുഴുവൻ പെയിന്റടിക്കും

 ഇളകിയ ഇടങ്ങൾ ബലപ്പെടുത്തും

കെട്ടിടം ഇത്രയും അപകടത്തിൽ നിൽക്കുമ്പോഴാണ് ഒന്നര വർഷം മുൻപ് മുകൾ നിലയിൽ റൂഫിംഗ് നടത്തി ഹാൾ പണിതത്. 85 ലക്ഷം രൂപയായിരുന്നു ചെലവ്. യോഗങ്ങൾക്കും മറ്റും വാടകയ്ക്ക് കൊടുക്കാനായിരുന്നു പദ്ധതിയെങ്കിലും ആരും എടുത്തില്ല. ഫലത്തിൽ മുകൾ നിലയിലെ റൂഫിംഗും കെട്ടിടത്തിന് ഭീഷണിയായി.

-അനന്തകൃഷ്ണൻ, നാഗമ്പടം