കോട്ടയം: വിലക്കയറ്റത്തിൽ പിടിച്ചു നിൽക്കാനാവാതെ താളംതെറ്റി സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം. പച്ചക്കറിക്കും അവശ്യസാധനങ്ങൾക്കുമുണ്ടായ വിലവർദ്ധനവ് പ്രധാനാദ്ധ്യാപകർക്കിട്ടാണ് പണികൊടുത്തത്. സ്‌കൂൾ തുറക്കുന്ന സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ നാലിരട്ടി വിലയാണ് ഭക്ഷ്യവസ്തുക്കൾക്ക് ഇപ്പോൾ. ചെലവു നിയന്ത്രിക്കാനാകാതെ ഓരോ മാസവും അധിക തുക സ്വന്തം ശമ്പളത്തിൽ നിന്ന് ചെലവാക്കേണ്ട അവസ്ഥയാണ്.

നൂറിൽ താഴെ കുട്ടികളുള്ള സർക്കാർ സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരാണ് പ്രധാനമായും പ്രതിസന്ധിയിലായിരിക്കുന്നത്. കൂടുതൽ കുട്ടികളെ സ്‌കൂളിലെത്തിക്കാനായി ഇത്തരം സ്‌കൂളുകളിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും സർക്കാർ ഉച്ചഭക്ഷണം നൽകുന്നില്ല. ഇവർക്കുള്ള ഭക്ഷണത്തിനുള്ള തുകയും പ്രധാനാദ്ധ്യാപകൻ കണ്ടെത്തണം. കുട്ടികൾ കുറവുള്ള സ്‌കൂളുകളിൽ പി.ടി.എ ഫണ്ടോ കാര്യമായ പി.ടി.എ ഇടപെടലോ ഇല്ല. സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ മാസം വരെ ഭക്ഷണത്തിന് ചെലവായ തുക ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടില്ല. ഇതിനിടെയാണ് വിലക്കയറ്റം

മുട്ടയും പാലും പിന്നെ...

ആഴ്ചയിൽ രണ്ട് ദിവസമായി 300 മില്ലിലീറ്റർ പാൽ, ഒരു ദിവസം ഒരു മുട്ട. ചോറിന് പുറമേ സാമ്പാർ, വിവിധ ദിവസങ്ങളിലായി തോരൻ, പരിപ്പ്, തീയൽ, സാലഡ്, പച്ച മോര്, പുളിശേരി, പച്ചടി, കിച്ചടി, പപ്പടം, മെഴുക്ക് പുരട്ടി, ചമ്മന്തി, വൻപയർ. പാചകത്തിനുള്ള വെളിച്ചെണ്ണ, തേങ്ങ, മുളക്, ഉപ്പ് അടക്കമുള്ള ചേരുവകൾ വാങ്ങാനുള്ള ചെലവ്, പാചകവാതകത്തിന്റെ ചെലവ് , മാവേലി സ്റ്റോറിൽ നിന്ന് അരി എത്തിക്കാനുള്ള ചെലവ് എന്നിവ കണ്ടെത്തണം

ഒരുകുട്ടിക്ക് സർക്കാർ കൊടുക്കുന്നത്

150 കുട്ടികൾ വരെ – 8 രൂപ
151 മുതൽ 500 വരെ – 7 രൂപ
 501 ന് മുകളിൽ – 6 രൂപ

''വിലക്കയറ്റം ഞങ്ങളുടെ നടുവൊടിച്ചു. ഇതു തുടർന്നാൽ കുട്ടികൾക്കു നൽകുന്ന ഭക്ഷണത്തിന്റെ നിലവാരത്തെ ബാധിക്കും. പയറും മറ്റു ധാന്യങ്ങളും മാവേലി സ്റ്റോർ വഴി വിതരണം ചെയ്യാൻ സർക്കാർ തയാറാകണം. ഒരു കുട്ടിക്കുള്ള തുക ചുരുങ്ങിയത് 10 രൂപയെങ്കിലും ആക്കി ഉയർത്തണം' പ്രധാനാദ്ധ്യാപകർ