kayal

കോട്ടയം: നാട്ടുകാരെ കൂടി പങ്കാളികളാക്കിയുള്ള ഉത്തരവാദിത്വ ടൂറിസം വഴി ലോക ശ്രദ്ധ പിടിച്ചു പറ്റിയ കുമരകത്തെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ 'ക്ലീൻ കേരള" ഇനിഷിയേറ്റീവിന്റെ ഭാഗമായി പ്ലാസ്റ്റിക് രഹിത ടൂറിസ്റ്റ് ഗ്രാമമായി പ്രഖ്യാപിക്കും. പൂർണമായും ഉത്തരവാദിത്ത ടൂറിസം പരിശീലിക്കുന്ന കേന്ദ്രമായി കുമരകത്തെ മാറ്റുന്നതിനും പ്രവർത്തനങ്ങൾ തുടങ്ങി. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ കുമരകത്തെ ഹോട്ടൽ, റിസോർട്ട് ജീവനക്കാർക്കുള്ള പരിശീലനം കഴിഞ്ഞ ദിവസം നടത്തി. ഇനി നാട്ടുകാർക്കിടയിലും സഞ്ചാരികൾക്കിടയിലും ഹൗസ് ബോട്ട് ജീവനക്കാർക്കിടയിലും ബോധവത്കരണം നടത്തും.

വേമ്പനാട്ട് കായലിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ വിവിധ സംഘടനകളുടെ സഹായത്തോടെ നീക്കം ചെയ്യുന്ന പദ്ധതി ആരംഭിച്ചിരുന്നെങ്കിലും മാലിന്യം കുന്നുകൂടിയതോടെ ഇത് വിജയിച്ചിരുന്നില്ല. മീനച്ചിലാർ മീനന്തറയാർ കൊടുരാർ സയോജന പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ എജൻസികളുടെ സഹായത്തോടെ വേമ്പനാട്ടുകായൽ ശുചീകരിക്കുന്ന പ്രവർത്തനങ്ങളാണ് ഇനി നടത്തുക. ആദ്യ ഘട്ടമായി പഴുക്കാനിലക്കായൽ ശുചീകരണത്തിനുള്ള ജനകീയ യത്‌നം ആരംഭിച്ചു.

കുടിവെള്ള പ്ലാസ്റ്റിക് കുപ്പികൾ കായലിൽ വലിച്ചെറിയുന്നത് കൂടുതലും തദ്ദേശ ടൂറിസ്റ്റുകളാണെന്ന് ജീവനക്കാർ പറയുന്നു. ഹൗസ് ബോട്ടുകളിൽ പ്ലാസിറ്റ് കുപ്പികൾ ശേഖരിച്ചു വെക്കുന്ന സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇവ സംസ്‌കരിക്കുന്നതിന് സംവിധാനമില്ല. ഉപയോഗിച്ച കുപ്പികൾ ശേഖരിക്കുന്നതിനുള്ള ബോക്‌സുകൾ വ്യാപകമായി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വയ്ക്കാനും പൊടിച്ചുകളയുന്ന മെഷീൻ സ്ഥാപിക്കാനുമാണ് ശ്രമം.

 ഒരു ബോട്ടിൽ നിന്നുള്ള ഒരു ദിവസത്തെ മാലിന്യങ്ങൾ ഇങ്ങനെ


പ്ലാസിറ്റിക് മാലിന്യം -- 1.25 കിലോ

ഭക്ഷ്യ മാലിന്യങ്ങൾ -- 8 കിലോ

ബിയർ കുപ്പികൾ -- 7080

പേപ്പർ പ്ലേറ്റ് , പേപ്പർ ഗ്ലാസ് -- 2240 എണ്ണം.


പുന്നമട ഫിനിഷിംഗ് പോയിന്റിലെ 160 ഹൗസ് ബോട്ടുകൾ തിരഞ്ഞെടുത്ത് ഈ ബോട്ടുകളിൽ നിന്നുള്ള ജൈവ അജൈവ മാലിന്യങ്ങൾ മനസിലാക്കുന്ന പഠനം ഉത്തരവാദിത്വ ടൂറിസം മിഷൻ നടത്തിയപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു -- കെ.രൂപേഷ് കുമാർ, കോ-ഓർഡിനേറ്റർ

 മീനുകൾ വംശനാശഭീഷണിയിൽ

സംസ്ഥാനത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുള്ളത് വേമ്പനാട്ട് കായലിലാണ്. ഇവിടെ നിന്നു പിടിച്ച മീനുകളിൽ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു. 300ൽ അധികം ഇനത്തിൽപെട്ട മത്സ്യങ്ങൾ വേമ്പനാട്ട് കായലിൽ ഉണ്ടായിരുന്നത് വംശ നാശ ഭീഷണിയിലാണ്. പ്ലാസ്റ്റിക്കിന്റെ അളവ് വർദ്ധിച്ചത് മത്സ്യങ്ങളുടെ പ്രജനനത്തെയും ബാധിച്ചിട്ടുണ്ട്