കോട്ടയം: ശമ്പളം ലഭിക്കാതെ കടുത്ത മാനസിക സമ്മർദ്ദത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ തെരുവിൽ മരിച്ച് വീഴുമ്പോൾ നിശബ്ദത പാലിക്കുന്ന സംസ്ഥാന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും, വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അടിയന്തിരമായി ഇടപെടണമെന്നും കേരളാ സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് ബി.എം.എസ് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരത്തിൽ മരിച്ച ജീവനക്കാരുടെ ആശ്രിതർക്കും അടിയന്തിരമായി സർക്കാർ ധനസഹായം പ്രഖ്യാപിക്കണം. പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.എസ്.ആർ.ടി.സിയെ സർക്കാർ ഡിപ്പാർട്ട്‌മെന്റ് ആക്കി മാറ്റുക മാത്രമാണ് ഏക പോംവഴിയെന്നും അതിനായി പൊതുജനങ്ങളുടേയും, ജീവനക്കാരുടെയും ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്കും, ഗവർണർക്കും 'ഭീമഹർജി' നൽകുന്നതടക്കമുള്ള പ്രക്ഷോഭങ്ങൾ ഊർജ്ജിതമാക്കാനും കോട്ടയത്ത് ചേർന്ന യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് വിനയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.എൻ.ബാബുലാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജേഷ് മണ്ഡപം മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശേരി ഡിപ്പോയിൽ വ്യാഴാഴ്ച മരിച്ച കണ്ടക്ടർ പി.ജി.പ്രകാശ്, ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ എസ്.ഉദയകുമാർ, കാസർകോട് ഡിപ്പോയിൽ ആത്മഹത്യ ചെയ്ത ഡ്രൈവർ പി.വി.സുകുമാരൻ, പന്തളം ഡിപ്പോയിൽ ഇന്നലെ മരണമടഞ്ഞ കണ്ടക്ടർ എസ്.മധു എന്നിവർക്ക് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് -ബി.എം.എസ് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.