ചങ്ങനാശേരി: ഒന്നാം നമ്പർ വാഴൂർ സ്റ്റാൻഡിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ദിവസവും നൂറുകണക്കിന് യാത്രക്കാർ എത്തുന്ന സ്റ്റാൻഡിലാണ് മാലിന്യം കത്തിക്കുന്നത്. സ്റ്റാൻഡിനോട് ചേർന്നുള്ള കംഫർട്ട് സ്റ്റേഷനടുത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിയ്ക്കുന്നത്. പച്ചക്കറി മാലിന്യങ്ങളും സമീപത്ത് കൂട്ടിയിട്ടിട്ടുണ്ട്. ഉച്ച സമയത്തും മാലിന്യം കത്തി പുക സ്റ്റാന്റിലാകെ പടർന്നിരിക്കുകായാണ്. വിദ്യാർത്ഥികളും പ്രായമായവരും പിഞ്ചു കുഞ്ഞുങ്ങളുമടക്കമുള്ളവരാണ് സ്റ്റാന്റിലെത്തുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിയ്ക്കുന്ന പുക സ്റ്റാന്റിൽ നിറയുന്നത് യാത്രക്കാർക്ക് വളരെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. നിരവധി ബസുകളും സ്റ്റാന്റിൽ പാർക്ക് ചെയ്യുന്നുണ്ട്. കൂടാതെ വ്യാപാര സ്ഥാപനങ്ങളുമുള്ള സ്റ്റാന്റാണിത്. നഗരസഭ വാഹനത്തിൽ മാലിന്യങ്ങൾ നീക്കുമെങ്കിലും പൂർണ്ണമായി നീക്കം ചെയ്യുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. കുന്നുകൂടി കിടക്കുന്ന മാലിന്യത്തിനാണ് തീയിടുന്നത്. പെരുന്ന നമ്പർ ടു ബസ് സ്റ്റാന്റിൽ എയറോബിക് ബിൻ സ്ഥാപിച്ചു മാലിന്യ സംസ്‌കരണത്തിനുള്ള നടപടി സ്വീകരിച്ചിരുന്നു. എന്നാൽ വർഷങ്ങളായി വാഴൂർ ബസ് സ്റ്റാന്റ് മാലിന്യം തള്ളൽ കേന്ദ്രമായി മാറിയിട്ട്. മഴ പെയ്യുമ്പോൾ മലിനജലം സ്റ്റാന്റിലാകെ പരന്നൊഴുകുന്ന സ്ഥിതി വിശേഷം ഉണ്ടാകുന്നു. സ്‌കൂൾ തുറന്നതോടെ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് ഇത് കൂടുതൽ ദുരിതമാകും. അടിയന്തിരമായി സ്റ്റാന്റിനുള്ളിൽ മാലിന്യങ്ങൾ കൂട്ടിയിട്ട കത്തിയ്ക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും വാഴൂർ സ്റ്റാന്റിൽ ആരോഗ്യപരമായ മാലിന്യ സംസ്‌കരണത്തിനുള്ള നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.